കേരളം

വാഹനങ്ങളിലെ വിന്‍ഡോ കര്‍ട്ടന്‍ പിടി വീഴും; പിഴ 5,000; രജിസ്‌ട്രേഷന്‍ റദ്ദാക്കാം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വാഹനങ്ങളുടെ ഉള്ളിലെ കാഴ്ചമറയ്ക്കുന്ന വിന്‍ഡോ കര്‍ട്ടനുകള്‍ക്കും കൂളിങ് ഫിലിമുകള്‍ക്കും കേന്ദ്രമോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരം 5000 രൂപ പിഴ ചുമത്താം. അനധികൃത രൂപമാറ്റവും രജിസ്‌ട്രേഷന്‍ നിയമങ്ങളുടെ ലംഘനവുമാണ് ചുമത്തുക.

കൂളിങ് ഫിലിം പതിച്ച വാഹനങ്ങള്‍ പിടികൂടാറുണ്ടെങ്കിലും കര്‍ട്ടനെതിരേ കര്‍ശന നടപടി എടുക്കാറില്ലായിരുന്നു. കര്‍ട്ടന്‍ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും കര്‍ശനമാക്കാന്‍ താഴേത്തട്ടിലേക്ക് നിര്‍ദേശം നല്‍കിയിട്ടില്ല. വിന്‍ഡോ കര്‍ട്ടന്‍ ഉപയോഗിക്കുന്നതിലേറെയും ഉന്നതോദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളുമാണ്. ഇതാകാം നടപടി വൈകിക്കുന്നതെന്നാണ് വിലയിരുത്തല്‍.

സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് കാറുകളിലെ ഗ്ലാസില്‍ പതിച്ചിരുന്ന കൂളിങ് സ്റ്റിക്കറുകള്‍ നീക്കം ചെയ്യേണ്ടിവന്നത്. ഇവയുടെ സ്ഥാനത്ത് കര്‍ട്ടനുകള്‍ ഇടംപിടിച്ചു. കാഴ്ച മറയ്ക്കുന്നതൊന്നും ഗ്ലാസില്‍ ഘടിപ്പിക്കാന്‍ പാടില്ലെന്നായിരുന്നു വിധി. കര്‍ട്ടനുകള്‍ ഗ്ലാസില്‍ ഘടിപ്പിക്കാത്തതിനാല്‍ നിയമവിരുദ്ധമല്ലെന്നായിരുന്നു ഒരുവിഭാഗത്തിന്റെ വാദം. ഇത് മോട്ടോര്‍വാഹനവകുപ്പും അംഗീകരിച്ചു. ഡോര്‍ പാഡുകളിലും വിന്‍ഡോ ഫ്രെയിമിലുമായിരുന്നു കര്‍ട്ടന്‍ പിടിപ്പിച്ചിരുന്നത്. ഗതാഗതവകുപ്പിന്റെ വാഹനങ്ങളിലും കര്‍ട്ടന്‍ ഉപയോഗിച്ചിരുന്നു.

എന്നാല്‍, കാഴ്ചമറയ്ക്കുന്നവയെല്ലാം നിയമവിരുദ്ധമാണെന്ന നിലപാടാണ് ഹൈക്കോടതി അംഗീകരിച്ചത്. ഇതോടെ കര്‍ട്ടനുകളും നിയമവിരുദ്ധമായി. കര്‍ട്ടനുകള്‍ വാഹനനിര്‍മാതാവ് നല്‍കുന്നവയല്ല. ഇവ പ്രാദേശികമായി ഘടിപ്പിക്കുന്നതിനാല്‍ അനുവദീനയമല്ലാത്ത അനുബന്ധസാമഗ്രികളായി പരിഗണിച്ച് നീക്കംചെയ്യാന്‍ ആവശ്യപ്പെടാം. ഉടമയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാകും.

പുത്തന്‍ തലമുറ ആഡംബരകാറുകളില്‍ വിന്‍ഡോ ഗ്ലാസിനോട് ചേര്‍ന്ന പ്രത്യേക ഷേഡിനെക്കുറിച്ച് ആശയക്കുഴപ്പം തുടരുകയാണ്. ഇവയും കര്‍ട്ടനുകള്‍ക്ക് സമാനമാണ്. ഡോര്‍പാഡില്‍ ഘടിപ്പിക്കുന്ന ഇവ വാഹനത്തിന്റെ ഭാഗമാണ്. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ അടക്കമുള്ള ഏജന്‍സികളുടെ സുരക്ഷാപരിശോധനയ്ക്ക് ശേഷമാണ് വിവിധ വാഹനമോഡലുകള്‍ക്ക് അംഗീകാരം ലഭിക്കുന്നത്. അംഗീകാരം ലഭിക്കുന്ന സമയത്ത് വാഹനത്തിലുള്ള ഭാഗങ്ങള്‍ നീക്കം ചെയ്യാനുള്ള അധികാരം വകുപ്പിനില്ല. വിന്‍ഡോ ഷേഡോടെയാണ് ഇവയ്ക്ക് അനുമതി കിട്ടുന്നത്. ഇവയുടെ ഉപയോഗം നിയമവിരുദ്ധമാണോയെന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ല. ഗതാഗത കമ്മിഷണറേറ്റില്‍നിന്ന് നിര്‍ദേശവും നല്‍കിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

രണ്ടു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ

ഓഹരി വ്യാപാര സമയം അഞ്ചുമണി വരെ നീട്ടൽ; നിർദേശം സെബി നിരസിച്ചു

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ