കേരളം

ജന വികാരം എതിരാകുമെന്ന് ഭയം; കനത്ത പിഴ ഈടാക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ട്; ഓണം കഴിയും വരെ പരിശോധന വേണ്ട

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കുന്നതിനുള്ള മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട്. പൊതുജന വികാരം എതിരാകുമെന്ന സിപിഎം വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. 

ഓണക്കാലം കഴിയുന്നതു വരെ കര്‍ശന വാഹന പരിശോധന വേണ്ടെന്നും വന്‍ തുക പിഴയീടാക്കുന്നത് ഒഴിവാക്കാനും മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി. ഉയര്‍ന്ന പിഴയീടാക്കല്‍ നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പകരം ബോധവത്കരണം ശക്തമാക്കാനാണ് തീരുമാനം. നിയമം അശാസ്ത്രീയമാണെന്നും വിപരീത ഫലമുണ്ടാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.  

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി സംസ്ഥാന സര്‍ക്കാരിന് വിനയാകുമെന്ന വിലയിരുത്തലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായത്. പിടിക്കപ്പെടുന്നവര്‍ പലയിടത്തും പിഴയടക്കാന്‍ വിസമ്മതിക്കുകയും പൊലീസുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്യുന്നുണ്ട്. 

നിയമ ഭേദഗതി തൊഴിലാളി വിരുദ്ധമാണെന്നാണ് സിപിഎം നിലപാട്. പിഴ ഉയര്‍ത്തുന്നതിനു പകരം നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടത്. നിയമം നടപ്പാക്കുന്നത് നീട്ടിവയ്ക്കാനാകുമോയെന്ന് പരിശോധിക്കാനും പാര്‍ട്ടി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. എന്നാല്‍ സര്‍ക്കാരിന്റെ നിലപാട് നിയമ ലംഘനങ്ങള്‍ വീണ്ടും കൂടാനിടയാക്കുമെന്നും അഭിപ്രായങ്ങളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല