കേരളം

ബിജെപിയിലേക്കില്ല;  പ്രചാരണത്തിനെതിരെ പി ജയരാജന്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സിപിഎം നേതാവ് പി ജയരാജന്‍ പൊലീസില്‍ പരാതി നല്‍കി. വ്യാജരേഖകളുണ്ടാക്കി അപകീര്‍ത്തിപ്പെടുത്തുന്നെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ ഡിവൈഎസ്പി ക്കാണ് പരാതി നല്‍കിയത്. 

ബിജെപിയില്‍ ചേരുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ പി ജയരാജന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സംഘപരിവാര ശക്തികളാണ് പിതൃശൂന്യ വാര്‍ത്തകള്‍ക്ക് പിന്നിലെന്നും മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളും ഇത് പ്രചരിപ്പിക്കുകയാണെന്നും ജയരാജന്‍ വ്യക്തമാക്കി.

സിപിഎം പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സംഘപരിവാറിനെതിരെ പോരാട്ടം തുടരുമെന്നും സംഘപരിവാറിന്റെ ഇത്തരം നറികെട്ട നീക്കങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്നെ സംബന്ധിച്ച ഒരു വ്യാജവാര്‍ത്ത ഇന്നലെ മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു.എന്നാല്‍ ആ സമയത്ത് അത് ഞാന്‍ അവഗണിക്കുകയായിരുന്നു.
എന്നാല്‍ ഇന്ന് ആര്‍എസ്എസ് ചാനലായ ജനം ടിവിയുടെ ലോഗോ വെച്ച പോസ്റ്ററുകളാണ് കാണുന്നത്.പ്രചരിപ്പിക്കുന്നതോ സംഘികളും മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളും.
ഇതോടെ ഈ വ്യാജവാര്‍ത്ത പ്രചാരണത്തിന് പിന്നില്‍ സംഘപരിപാരവും മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളും ആണെന്ന് വ്യക്തമായിരിക്കുകയാണ്.
ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

പിതൃശൂന്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നല്ല കഴിവുള്ളവരാണ് സംഘികള്‍.അച്ചടി പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിന്റെ തലേ ദിവസം ഭീകരമായ കൊലപാതകങ്ങളും അക്രമണങ്ങളുമാണ് അവര്‍ നടത്താറുള്ളത്. റിപ്പബ്ലിക് ദിനത്തില്‍ സ:കെ വി സുധീഷിനെ വീട്ടില്‍ കയറി അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയതും
20 വര്ഷം മുന്‍പൊരു തിരുവോണ നാളില്‍ എന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.ഈ തിരുവോണ നാളില്‍ തന്നെയാണ് ബിജെപിയില്‍ ചേരുന്നുവെന്ന നെറികെട്ട നുണയും സംഘപരിവാരം പ്രചരിപ്പിക്കുന്നത്.

സംഘപരിവാര ശക്തികള്‍ക്കെതിരായി രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും സിപിഐഎം പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പോരാടിയ ആളാണ് ഞാന്‍.അത് ഇപ്പോളും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.അതിനാല്‍ തന്നെ ഈ വ്യാജ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം