കേരളം

എറണാകുളത്ത് അഡ്വ. മനു റോയി ഇടതു സ്ഥാനാര്‍ത്ഥി ?  ; തീരുമാനം ഇന്നുണ്ടായേക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചി : ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മുന്നണികളെല്ലാം സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ്. ഹൈബി ഈഡന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് എറണാകുളത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ യുഡിഎഫിനും എല്‍ഡിഎഫിനും ബിജെപിക്കും മുന്നില്‍ നിരവധി പേരുകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. 

ലത്തീന്‍ സമുദായത്തില്‍ നിന്നുള്ള ഒരാളെയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. അഡ്വ. മനു റോയിയുടെ പേരിനാണ് എല്‍ഡിഎഫ് പട്ടികയില്‍ മുന്‍തൂക്കം. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ എം റോയിയുടെ മകനാണ് മനു റോയി. സെന്റ് പോള്‍സ് കോളേജില്‍ പഠിക്കുമ്പോള്‍ എസ്എഫ്‌ഐ പാനലില്‍ മല്‍സരിച്ചിട്ടുണ്ട്. എറണാകുളം ബാര്‍ അസോസിയേഷനില്‍ മൂന്നുതവണ ഭാരവാഹിയായിരുന്നു. നിലവില്‍ ലോയേഴ്‌സ് യൂണിയന്‍ അംഗമാണ്. 

മുന്‍ എംഎല്‍എ സെബാസ്റ്റിയന്‍ പോളിന്റെ മകന്‍ റോണ്‍ ബാസ്റ്റിയന്‍, മുന്‍ അധ്യാപിക ട്രീസ മേരി ഫെര്‍ണാണ്ടസ് എന്നിവരുടെ പേരുകളും സജീവമായി പരിഗണിക്കുന്നതായാണ് സൂചന. അതേസമയം ലത്തീന്‍ സമുദായത്തില്‍ നിന്നുള്ള ഇടതു സ്വതന്ത്രന് പകരം പാര്‍ട്ടി നേതാവ് തന്നെ മല്‍സരിക്കണമെന്ന് സിപിഎം തീരുമാനിച്ചാല്‍, കഴിഞ്ഞ തവണ മല്‍സരിച്ച അഡ്വ. എം അനില്‍കുമാര്‍, കെ എന്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയ പേരുകളും പരിഗണിച്ചേക്കാം. 

സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലാ സെക്രട്ടറിമാരോട് കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനാര്‍ത്ഥി പട്ടിക ആവശ്യപ്പെട്ടിരുന്നു. കൂടാതെ ജില്ലകളിലെ മുതിര്‍ന്ന നേതാക്കളുമായും കോടിയേരി ആശയ വിനിമയം നടത്തിയതായാണ് റിപ്പോര്‍ട്ട്. അവസാന നിമിഷ അട്ടിമറികള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ അഡ്വ മനു റോയി തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്