കേരളം

സംസ്ഥാനത്ത്ഇന്ന് 13 പേര്‍ക്ക് കോവിഡ്; വിദേശത്ത് 18 മലയാളികള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം തടയാനായെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചത് 13 പേര്‍ക്ക്. വിവിധ രാജ്യങ്ങളില്‍ മരിച്ചത് 18 മലയാളികള്‍ ആണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കാസര്‍കോട് 9, മലപ്പുറം 2, കൊല്ലം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണു വിവിധ ജില്ലകളില്‍ ഇന്നു രോഗം ബാധിച്ചവരുടെ കണക്ക്. കാസര്‍കോട് 6 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 3 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗം പകര്‍ന്നത്. മലപ്പുറത്തും കൊല്ലത്തും ഉള്ള രോഗികള്‍ നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. പത്തനംതിട്ടയിലെ രോഗി വിദേശത്തുനിന്നു വന്നതാണ്.

ഇതുവരെ 327 പേര്‍ക്കു സംസ്ഥാനത്ത് രോഗം വന്നു. 266 പേര്‍ ചികിത്സയിലാണ്. 1,52,804 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇന്നു മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 10,716 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 9607 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തരുടെ പരിശോധന ഫലം നെഗറ്റീവായി. രോഗവ്യാപനം തടുത്തുനിര്‍ത്താന്‍ ഒരു പരിധിയോളം നമുക്ക് സാധിക്കുന്നുണ്ട്. പൊതുവില്‍ സമൂഹത്തില്‍ സ്വീകരിച്ച നടപടികള്‍ രോഗവ്യാപനം നിയന്ത്രിച്ചുനിര്‍ത്താന്‍ കാരണമായി. ലോകത്താകെയുള്ള സ്ഥിതിഗതികള്‍ നമ്മെയാകെ അസ്വസ്ഥരാക്കുന്നു. യുകെയില്‍ മരിച്ച മലയാളി ഉള്‍പ്പെടെ നമ്മള്‍ കേട്ടത് 18 മലയാളികള്‍ വിവിധ ഭാഗങ്ങളില്‍ മരിച്ചുവെന്നാണ്.

കാസര്‍കോട് മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങി. നാല് ദിവസം കൊണ്ടാണ് കോവിഡ് ചികിത്സാ കേന്ദ്രം വികസിപ്പിച്ചത്. ആദ്യഘട്ടത്തില്‍ കോവിഡ് രോഗികള്‍ക്കായി 200 ഓളം കിടക്കകളും 10 ഐസിയു കിടക്കകളുമാണ് തയാറാക്കിയത്. 100 കിടക്ക, 10 ഐസിയു കിടക്ക എന്നിവ കൂടി ലഭ്യമാക്കും. കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന് കെഎസ്ഇബി 10 കോടി രൂപ വാഗ്ദാനം ചെയ്തു. 26 പേരുടെ വിദഗ്ധ സംഘം തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് എത്തി. ഇവര്‍ കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ജീവനക്കാര്‍ക്കു പരിശീലനം നല്‍കും. ഏതു സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്. ഒന്നേകാല്‍ ലക്ഷം ബെഡുകള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ തയാറാണ്.

1813 ഐസലേഷന്‍ ബെഡുകള്‍ ആശുപത്രികളില്‍ തയാറാണ്. ഇതിനു പുറമേ 517 കൊറോണ കെയര്‍ സെന്ററുകളില്‍ 17461 ഐസലേഷന്‍ ബെഡുകളും ഒരുക്കി. പ്രത്യേക കൊറോണ കെയര്‍ ആശുപത്രികള്‍ വേണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. 38 കൊറോണ കെയര്‍ ആശുപത്രികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. 81.45 ശതമാനത്തില്‍ അധികം പേര്‍ സൗജന്യ റേഷന്‍ വാങ്ങി. ചുരുങ്ങിയ ദിവസത്തില്‍ ഇത്രയും പേര്‍ക്ക് റേഷന്‍ നല്‍കുന്നത് ആദ്യ സംഭവമാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം അഭിനന്ദിക്കുന്നു. അപൂര്‍വമായി മാത്രമാണു പരാതികള്‍ ഉയര്‍ന്നത്. ചിലര്‍ റേഷന്‍ മോശമാണെന്ന് ബോധപൂര്‍വം പറഞ്ഞു.

അത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്ന് മറ്റുള്ളവര്‍ അഭിപ്രായ പ്രകടനം നടത്തി. നടന്‍ മണിയന്‍പിള്ള രാജു നടത്തിയ അഭിപ്രായ പ്രകടനം തന്നെ ഇതിന് ഉദാഹരണം. റേഷന്‍ കടകളില്‍ ആവശ്യമായ എല്ലാം ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. ജില്ല മാറി റേഷന്‍ ലഭിക്കുന്നില്ല എന്നതായിരുന്നു ഒരു പരാതി. ഇതു പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി. എംഎല്‍എമാരുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തി. എംഎല്‍എമാര്‍ ജില്ലാ കലക്ടറേറ്റിലെത്തി പങ്കെടുത്തു. സ്പീക്കര്‍, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കെടുത്തു. ഇപ്പോഴത്തെ ഇടപെടലില്‍ എല്ലാവരും സംതൃപ്തി രേഖപ്പെടുത്തി.

പ്രവാസ ലോകത്തെക്കുറിച്ച് എല്ലാവരും ഉത്കണ്ഠയിലാണ്. മലയാളികള്‍ ലോകമാകെ വ്യാപിച്ചു കിടക്കുന്നവരാണ്. പ്രതിസന്ധി ഘട്ടത്തെ എങ്ങനെ തരണം ചെയ്യുന്നുവെന്നറിയുന്നതിനും സഹായിക്കാനും എല്ലാവരും തയാറാണ്. പ്രവാസി സമൂഹത്തിലെ പ്രധാന വ്യക്തികളുമായി കഴിഞ്ഞ ദിവസം വിഡിയോ കോണ്‍ഫറന്‍സ് നടത്തി. 22 രാജ്യങ്ങളില്‍നിന്നുള്ളവര്‍ സംസാരിച്ചു. ഓരോ മേഖലയിലും വ്യത്യസ്ത വിഷയങ്ങളാണ്. യാത്രാ വിലക്ക് പ്രവാസ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി പ്രതിപാദിച്ചു. കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധയില്‍ വരേണ്ടതും എംബസി വഴി ചെയ്യേണ്ടതുമായ കാര്യങ്ങള്‍ പ്രവാസികള്‍ ചൂണ്ടിക്കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്