കേരളം

പൊതുഗതാഗതം ഉടന്‍ അനുവദിച്ചേക്കില്ല, കര്‍ശന നിരീക്ഷണവും നിയന്ത്രണങ്ങളും മൂന്നാഴ്ചകൂടി ; വിദഗ്ധസമിതി ശുപാര്‍ശകള്‍ ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ മൂന്നു ഘട്ടങ്ങളിലായി ഇളവുവരുത്താനാണ് സര്‍ക്കാര്‍ നിയോഗിച്ച ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശ. ലോക്ഡൗണ്‍ ഒറ്റയടിക്കു പിന്‍വലിക്കുന്നത് ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയാകും. ഓരോ ജില്ലയിലെയും സ്ഥിതി പരിശോധിച്ച് മാത്രമേ ഇളവ് നല്‍കാവൂ. ഓരോ ഘട്ടത്തിനും 15 ദിവസത്തെ ഇടവേള ഉണ്ടാകണമെന്നും വിദഗ്ധ സമിതിയുടെ ശുപാര്‍ശയില്‍ ഉള്ളതായാണ് സൂചന. 

ഇതോടെ സംസ്ഥാനത്ത് നേരിയ ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരാനാണ് സാധ്യത. ജില്ലകളില്‍ നിയന്ത്രണം എന്തിനൊക്കെയാകാം, എന്തിനൊക്കെ പാടില്ല എന്നിവ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രധാനമന്ത്രി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രാഹാമിന്റെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ചത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗണിന്റെ കാലാവധി 14നാണ് തീരുന്നത്.

ഉടന്‍ പൊതുഗതാഗതം അനുവദിച്ചേക്കില്ല. ഇനിയും മൂന്നാഴ്ചകൂടി കര്‍ശന നിരീക്ഷണവും നിയന്ത്രണങ്ങളും വേണ്ടിവരും. ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച തലസ്ഥാന ജില്ലയിലടക്കം ഏഴു ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ വലിയ ഇളവുണ്ടാകില്ല. ഹോട്ട് സ്‌പോട്ട് അല്ലാത്തിടത്ത് ജില്ലകള്‍ക്കുള്ളില്‍ സ്വന്തം വാഹനങ്ങളില്‍ യാത്രയ്ക്ക് പരിമിതമായ ഇളവു നല്‍കിയേക്കും. രോഗികള്‍ ഏറെയുള്ള കാസര്‍കോട് ജില്ലയിലടക്കം പുതിയ കേസുകള്‍ പൂര്‍ണമായും ഇല്ലാതായാലേ ഇപ്പോഴുള്ള വിലക്കുകള്‍ സമ്പൂര്‍ണമായി പിന്‍വലിക്കൂ.

തീവണ്ടിയാത്ര അത്യാവശ്യക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തും. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ വിദേശികള്‍ കൂട്ടത്തോടെ മടങ്ങിയെത്താന്‍ സാധ്യതയുണ്ട്. അതിനാല്‍, എത്തുന്ന എല്ലാവര്‍ക്കും പരിശോധന നിര്‍ബന്ധമാക്കുക. വിമാനത്താവളങ്ങള്‍ വഴി എത്തുന്നവര്‍ക്കെല്ലാം ദ്രുതപരിശോധന നടത്തി രോഗവ്യാപനം തടയണം. വിവിധ അതിര്‍ത്തികള്‍ കടന്നെത്തുന്നവര്‍ക്കും ഇത്തരം പരിശോധന നടത്തണം. നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച ശേഷമേ മുടങ്ങിയ സ്‌കൂള്‍, സര്‍വകലാശാലാ പരീക്ഷകള്‍ ക്രമീകരിക്കാന്‍പോലും കഴിയൂവെന്നും സമിതി നിര്‍ദേശിച്ചു. സമിതിയുടെ ശുപാര്‍ശകള്‍ സംസ്ഥാനസര്‍ക്കാര്‍ പരിശോധിക്കും. ഇതിനുശേഷമാണ് സംസ്ഥാനസര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്