കേരളം

ബ്രിട്ടീഷ് എയർവെയ്സ് വിമാനം ആദ്യമായി കേരളത്തിൽ; നന്ദിയറിയിച്ച്, രോ​ഗം ഭേദപ്പെട്ട യുകെ പൗരൻമാരുമായി പറന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലോക്ക്ഡൗണിനെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ യുകെ പൗരൻമാരെ നാട്ടിലെത്തിക്കുന്നതിനായി ബ്രിട്ടീഷ് എയർവെയ്സിന്റെ വിമാനം കേരളത്തിൽ ലാൻഡ് ചെയ്തു. ഇതാദ്യമായാണ് ഒരു ബ്രിട്ടീഷ് എയർവെയ്സ് വിമാനം കേരളത്തിൽ ലാൻഡ് ചെയ്യുന്നത്. ബ്രിട്ടീഷ് സർക്കാരിന്റെ പ്രത്യേക നിർദേശത്തിലാണ് വിമാനമെത്തിയത്. 

വൈകീട്ട് 5.25ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ വിമാനം ഏഴരയോടെ 110 യാത്രക്കാരുമായി കൊച്ചിയിലെത്തി. തുടർന്ന് ഇവിടെ നിന്ന് 158 പേരേയും കൂട്ടി ആകെ 268 യാത്രക്കാരുമായാണ് വിമാനം യുകെയിലേക്കു പറന്നത്. ബഹ്റൈൻ വഴിയാണ് മടക്കം. 

കേരളത്തിലും തമിഴ്നാട്ടിലും ചികിത്സക്കും വിനോദ സഞ്ചാരത്തിനുമായി എത്തിയവരാണു യാത്രക്കാരെല്ലാവരും. ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോൾ പ്രകാരം നിശ്ചിത ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമാണ് ഇവർ മടങ്ങാനായി വിമാനത്താവളത്തിലെത്തിയത്. ബ്രിട്ടീഷ് വിമാനത്തിൽ പോയവരിൽ ഏഴ് പേർ കോവിഡ് രോഗ മുക്തി നേടിയ ശേഷം നിശ്ചിത ദിവസങ്ങൾ നിരീക്ഷണത്തിലും കഴിഞ്ഞവരാണ്. നേരത്തെ മൂന്നാറിലെ റിസോർട്ടിൽ നിന്ന് മുങ്ങി വിമാനത്താവളത്തിൽ പിടിയിലായ ബ്രിയാൻ നെയിലും ഭാര്യയും സംഘത്തിലുണ്ട്. 

കേരളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരൻമാരിൽ തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ നേരത്തേ സർക്കാർ ശേഖരിച്ചിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയവരെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക വാഹനങ്ങളിൽ വിമാനത്താവളങ്ങളിലേക്കു എത്തിക്കുകയായിരുന്നു. 

കേരളത്തിലേക്കു ബ്രിട്ടീഷ് എയർവെയ്സിന് നിലവിൽ സർവീസുകളില്ല. യൂറോപ്യൻ സെക്ടറിലേക്കു വിമാന സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. കേരളത്തിൽ നിന്ന് യൂറോപ്യൻ സെഗ്‍മെന്റിലേക്കു നേരിട്ട് സർവീസ് നടത്തുമ്പോൾ ശരാശരി 10 മണിക്കൂറെങ്കിലും പറക്കേണ്ടതുണ്ട്. ഇതുപോലെയുള്ള ലോങ് ട്രിപ്പുകളിൽ പൈലറ്റ് മാറ്റം ഉൾപ്പടെയുള്ള കാര്യങ്ങളിലെ സാങ്കേതിക തടസം നിലനിൽക്കുന്നതിനാലാണ് ഇത്തരം സർവീസ് നടത്തുന്നതിന് വിമാനക്കമ്പനികൾ മുന്നോട്ടു വരാത്തത്. രാജ്യാന്തര സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്ക് കേരളത്തിൽ ഓപറേറ്റിങ് ഹബ് ഉള്ള സാഹചര്യത്തിൽ മാത്രമേ ഇത്തരത്തിലുള്ള സാങ്കേതിക തടസങ്ങൾ മറികടക്കാനാവൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ