കേരളം

വിവരങ്ങൾ ചോരില്ലെന്ന് എന്താണ് ഉറപ്പ് ?; രണ്ടുലക്ഷം പേരുടെ ഡാറ്റ കൈകാര്യം ചെയ്യാൻ സർക്കാരിന് കഴിയില്ലേയെന്ന് ഹൈക്കോടതി, രൂക്ഷവിമർശനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമേരിക്കന്‍ മലയാളിയുടെ കമ്പനിയായ സ്പ്രിം​ഗ്ളറിന് വിവരങ്ങൾ കൈമാറുന്നതിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം.  കോവിഡ് പകർച്ചവ്യാധി മാറുമ്പോൾ ഡാറ്റാ പകർച്ചവ്യാധി സംഭവിക്കരുതെന്ന് സംസ്ഥാന സർക്കാരിനു ഹൈക്കോടതി മുന്നറിയിപ്പ് നൽകി. സ്പ്രിം​ഗ്ളർ കരാറുമായി ബന്ധപ്പെട്ട ഹർജി പരി​ഗണിക്കവെ കോടതി സർക്കാരിനോട് നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു.  സർക്കാരിന് സ്വന്തമായി ഐടി വിഭാ​ഗം ഉണ്ടല്ലോ. പിന്നെ എന്തിനാണ് സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചതെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. വ്യക്തമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

ആശാവർക്കർമാർ ശേഖരിക്കുന്ന, നിങ്ങൾക്ക് എന്തെല്ലാം രോ​ഗങ്ങളുണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരം നൽകുമ്പോൾ, ഈ ഡാറ്റ മരുന്ന് കമ്പനികൾക്ക് പോകുമെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. എന്നാൽ ആ വാദത്തിൽ കാര്യമില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. അപ്പോൾ ചികിൽസാ വിവരങ്ങൾ അതിപ്രധാനമല്ലേയെന്ന് കോടതി ചോദിച്ചു.

വിവരങ്ങൾ ചോരില്ലെന്ന് എന്താണ് ഉറപ്പ്. ഇക്കാര്യത്തിൽ സർക്കാരിന് ഉറപ്പുനൽകാനാകുമോയെന്ന് കോടതി ചോദിച്ചു. സർക്കാരിന്റെ മറുപടി അപകടകരമാണെന്നും കോടതി അഭിപ്രായപ്പെട്ടു. രണ്ടുലക്ഷം പേരുടെ ഡാറ്റ കൈകാര്യം ചെയ്യാനുള്ള സംവിധാനം പോലും സർക്കാരിന് ഇല്ലേയെന്നും ഹൈക്കോടതി ചോദിച്ചു. എന്തുകൊണ്ടാണ് അമേരിക്കൻ കോടതിയുടെ നിയമപരിധി തെരഞ്ഞെടുത്തതെന്നും കോടതി ചോദിച്ചു. വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് ഇ-മെയിൽ അയക്കാനും കോടതി നിർദേശിച്ചു. കേസ് വെള്ളിയാഴ്ച ( ഏപ്രിൽ 24) വീണ്ടും പരി​ഗണിക്കും.

അഭിഭാഷകനായ ബാലു ​ഗോപാലാണ് സ്പ്രിം​ഗ്ളർ കരാറിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയത്. സ്പ്രിം​ഗ്ള‌ർ കമ്പനിക്കെതിരെ അമേരിക്കയിൽ ഡാറ്റ മോഷണത്തിന് കേസുണ്ടെന്നും, ഈ സാഹചര്യത്തിൽ കരാർ റദ്ദാക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങൾ കൈമാറരുതെന്നും കേന്ദ്ര ഏജൻസിയെ കൊണ്ട് കരാറിൽ ഫോറൻസിക് ഓഡിറ്റ് നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ