കേരളം

തൊഴിലുറപ്പ് പ്രവർത്തനങ്ങൾ ആവാം; 60 വയസിന് മുകളിലുള്ളവർ പണിക്കിറങ്ങരുത്; മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ പണിക്കിറങ്ങുന്നതില്‍ നിന്ന് മാറി നില്‍ക്കണം. അഞ്ച് പേരടങ്ങുന്ന ടീമായി പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

നേരത്തേ നിര്‍ദ്ദേശിച്ചിരുന്നത് പോലെ തന്നെ അഞ്ച് പേരടങ്ങുന്ന ടീം എന്ന നിലയ്ക്ക് വര്‍ക്ക് സൈറ്റില്‍ പ്രവര്‍ത്തിക്കാം. എല്ലാവരും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ജോലിക്കിറങ്ങുന്നത് എന്ന് ഉറപ്പാക്കണം. 60 വയസിനു മുകളിലുള്ളവരാണ് കോവിഡ് 19 വൈറസ് ബാധയ്ക്ക് വേഗത്തില്‍ ഇരയാകുന്നത്. ഇത് കണക്കിലെടുത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ മെയ് മൂന്ന് വരെ മാറിനില്‍ക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.  

തൊഴിലിനിറങ്ങുന്നവര്‍ക്ക് മാസ്‌കുകള്‍ ആവശ്യത്തിന് ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം കൂടുതല്‍ ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവ കൃത്യമായി വിതരണം ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിമിതമായ തോതില്‍ അനുവദിച്ചിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മണല്‍, സിമന്റ്, കല്ല് തുടങ്ങിയവ കിട്ടാന്‍ പ്രയാസം നേരിടുന്നുണ്ടെന്നും ഇത് കണക്കിലെടുത്ത് ക്വാറികള്‍, നിയന്ത്രണ വിധേയമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.  

കേന്ദ്ര സര്‍ക്കാര്‍ ഖനനം അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുക എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിര്‍മാണങ്ങള്‍ക്ക് ആവശ്യമായ സിമന്റ് കടകളില്‍ സൂക്ഷിച്ചിട്ടുണ്ട്. അത് കട്ട പിടിച്ചു പോകാതിരിക്കാന്‍ കട തുറക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്താനുമുള്ള സൗകര്യവും ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ