കേരളം

വാഹന നികുതി അടയ്ക്കാന്‍ സാവകാശം; ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ കാലാവധി നീട്ടി; ഭക്ഷ്യസുരക്ഷയ്ക്ക് സമഗ്രപദ്ധതി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹനങ്ങളുടെ പെര്‍മിറ്റുകള്‍ക്കടക്കം ഇളവുകള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ ഒന്നിന് അടയ്‌ക്കേണ്ട വാഹനങ്ങളുടെ ത്രൈമാസ നികുതി അടയ്ക്കാന്‍ ജൂണ്‍ 15 വരെ സാവകാശം നല്‍കും. ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍, പെര്‍മിറ്റ് ഫിറ്റ്‌നസ് രേഖകള്‍ക്ക്  ജൂണ്‍ 30 വരെ നിയമസാധുതത ഉണ്ടായിരിക്കും. സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍, ഓട്ടോ, ടാക്‌സി,ചരക്ക് വാഹനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.

കോവിഡ് കാലത്തെ പ്രതിസന്ധിയെ അതിജീവിക്കാന്‍ കാര്‍ഷിക മേഖലയുടെ വികസനം ലക്ഷ്യമിട്ട് പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ പ്രതിസന്ധി മറികടക്കാന്‍  ഏറ്റവും പ്രധാനം കൃഷിയാണെന്ന് നേരത്തെ മന്ത്രിസഭ ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാനത്ത് തരിശുകിടക്കുന്ന ഭൂമിയിലും കൃഷി നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി കൃഷിവകുപ്പ് തയാറാക്കിയ പദ്ധതി അടുത്ത മാസം മുതല്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കും.

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, നാട്ടിലേക്കു മടങ്ങാനിടയുള്ള പ്രവാസികള്‍ക്കും തൊഴില്‍ ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഇതിനെപ്പറ്റി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ യോഗം ചര്‍ച്ച ചെയ്തിരുന്നു. ഇന്നു ചേര്‍ന്ന സെക്രട്ടറിതല യോഗം പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ചര്‍ച്ചയിലുണ്ടായ നിര്‍ദേശങ്ങള്‍ കൂടി ചേര്‍ത്താണ് പദ്ധതി നടപ്പാക്കുക.

കന്നുകാലി സമ്പത്തിന്റെ വര്‍ധന, മീന്‍, മുട്ട എന്നിവയുടെ ഉല്‍പാദനം വര്‍ധിപ്പിക്കല്‍, മല്‍സ്യക്കൃഷി വികസനം എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇതു നടപ്പാക്കുക. തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനായി വാര്‍ഷിക പദ്ധതിയില്‍ മാറ്റം വരുത്തണം. മേയ് 15 ന് മുന്‍പായി ഭക്ഷ്യസുരക്ഷയ്ക്കുള്ള പദ്ധതി കൂടി പദ്ധതിരേഖയില്‍ ഉള്‍പ്പെടുത്തണം. സംസ്ഥാനത്തെ തരിശുഭൂമി സംബന്ധിച്ച കൃത്യമായ കണക്ക് സര്‍ക്കാരിന്റെ കൈയിലുണ്ട്. തരിശു ഭൂമിയില്‍ കൃഷി നടത്താന്‍ ഉടമ തയാറെങ്കില്‍ അതിനു വേണ്ട സഹായവും പിന്തുണയും സര്‍ക്കാര്‍ നല്‍കും. ഉടമയ്ക്കു താല്‍പര്യമില്ലെങ്കില്‍ പുറത്തുള്ളവര്‍ക്ക് അവസരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം, വീണ്ടും കളത്തിലിറങ്ങാന്‍ കെജരിവാള്‍; റോഡ് ഷോ- വീഡിയോ

ഭാര്യയ്ക്ക് നേരെ 'ഐസ്ക്രീം' ആസിഡ് ആക്രമണം, ​ഗുരുതരമായി പൊള്ളലേറ്റ മകൻ ആശുപത്രിയിൽ; സംഭവം ഇങ്ങനെ

ദേശീയ സാങ്കേതികവിദ്യ ദിനം, പൊഖ്‌റാനിലെ അണുബോംബ് പരീക്ഷണത്തിന്റെ പ്രാധാന്യമെന്ത്?, അഞ്ചു പ്രധാനപ്പെട്ട കാര്യങ്ങള്‍

ഇതെന്താ കണ്ടം ക്രിക്കറ്റോ?; ഇങ്ങനെയൊരു റണ്‍ ഔട്ട് ചാന്‍സ്!ചിരി പടര്‍ത്തി വിഡിയോ

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ മുകുന്ദന്‍ ചരിഞ്ഞു