കേരളം

പമ്പ ഡാം തുറന്നു;  അഞ്ച് മണിക്കൂറിനുള്ളില്‍ റാന്നിയില്‍ എത്തും; പത്തനംതിട്ടയില്‍ അതീവ ജാഗ്രത

സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട: ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പമ്പ ഡാം തുറന്നു. രണ്ട് ഷട്ടറുകള്‍ രണ്ടടി വീതമാണ് ഉയര്‍ത്തിയത്. ബാക്കി നാലെണ്ണം കൂടി 
ഉടന്‍ ഉയര്‍ത്തും. ഇതോടെ പമ്പയില്‍ നാല്‍പ്പത് സെന്റീമീറ്റര്‍ ജലം ഉയരും. 983.5 മീറ്റര്‍ ജലമാണ് ഇപ്പോള്‍ പമ്പ അണക്കെട്ടിലുള്ളത്. നിലവില്‍ ഡാം തുറക്കുന്നതിനുള്ള ഓറഞ്ച് അലര്‍ട്ട് മാത്രമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

ജലനിരപ്പ് 984.5 മീറ്റര്‍ ആകുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷം ജലനിരപ്പ് 985 മീറ്ററിലെത്തുമ്പോളാണ് ഡാം തുറക്കേണ്ടത്. എന്നാല്‍ 983.5 മീറ്റര്‍ ജലനിരപ്പ് എത്തിയപ്പോള്‍ തന്നെ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പത്തനംതിട്ട ജില്ല കളക്ടര്‍ പറഞ്ഞു.

ഡാം തുറന്ന് ഏകദേശം അഞ്ചുമണിക്കൂര്‍ കഴിയുമ്പോള്‍ മാത്രമേ റാന്നി ടൗണില്‍ വെള്ളം എത്തൂ. നാളെ ഉച്ചയോടെ വെള്ളം തിരുവല്ലയില്‍ എത്തും. ഡാം തുറന്നു എന്നതുകൊണ്ടു മാത്രം നദിയില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയരില്ല. അതിനാല്‍ തന്നെ 2018ലെ പോലെ പ്രളയ സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അത്തരം സാഹചര്യം ഒഴിവാക്കാനാണ് നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടുന്നതെന്നും കളക്ടര്‍ പറഞ്ഞു.

ഇപ്പോള്‍ പെയ്യുന്ന മഴ ഇനിയും തുടരുകയാണെങ്കില്‍ രാത്രി ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷം അര്‍ധരാത്രിയോടെയാകും ഡാം തുറക്കേണ്ടി വരിക. റിസര്‍വോയറിന്റെ മുഴുവന്‍ സംഭരണശേഷിയിലേക്ക് എത്തിയാല്‍ ഡാം തുറന്നേ മതിയാകൂ എന്ന സ്ഥിതിയുണ്ടാകും. അത്തരം ഒരു സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാതെ തന്നെ ഡാം തുറക്കാന്‍ തീരുമാനിച്ചതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു