കേരളം

മോഷണക്കേസിൽ ജയിലിൽ കിടന്നത് നിരപരാധി; യഥാർഥ പ്രതി ആറ് വർഷത്തിന് ശേഷം പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മോഷണക്കേസിലെ യഥാർഥ പ്രതി ആറ് വർഷത്തിന് ശേഷം പൊലീസിന്റെ പിടിയിലായി. 2014ൽ നടന്ന മോഷണക്കേസിലെ പ്രതിയാണ് ഇപ്പോൾ പിടിയിലായത്. മെഡിക്കൽ സ്റ്റോറിൽ നടന്ന മോഷണത്തിന് നിരപരാധിയെ അറസ്റ്റ് ചെയ്ത് പൊലീസ് പീഡിപ്പിച്ച സംഭവം ഇതോടെ പുറത്താവുകയും ചെയ്തു. 

അഞ്ചൽ അഗസ്ത്യക്കോട് രതീഷ് ഭവനിൽ രതീഷിനെ(35)യാണ് മോഷണക്കുറ്റം ആരോപിച്ച് അന്ന് പൊലീസ് പിടികൂടിയത്‌. തിരുവനന്തപുരം കാരക്കോണം സ്വദേശി ദാസനാണ് ആറ് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ പിടിയിലായിരിക്കുന്നത്. മറ്റൊരു കേസിൽ ഇയാളെ അറസ്റ്റ് ചെയ്തപ്പോഴാണ് 2014ൽ നടത്തിയ മോഷണത്തിന്റെ വിവരങ്ങളും പുറത്തായത്. അതേസമയം ചെയ്യാത്ത കുറ്റത്തിന്  പൊലീസ് കസ്റ്റഡിയിലും 45 ദിവസം ജയിലിലും കഴിഞ്ഞതിന്റെ വേദനിപ്പിക്കുന്ന ഓർമകളിലാണ് രതീഷ്.

കഴിഞ്ഞയാഴ്ച തിരൂർ പൊലീസ് മോഷണക്കേസിൽ ദാസനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ്‌ അഞ്ചൽ ടൗണിലെ മെഡിക്കൽ സ്റ്റോറിൽ നടത്തിയ മോഷണത്തിലെ പങ്ക് വ്യക്തമായത്. തുടർന്ന്‌ ദാസനെ അഞ്ചൽ പൊലീസ് തിരൂരിലെത്തി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോൾ മോഷണം നടത്തിയ രീതിയും മെഡിക്കൽ സ്റ്റോറിൽ കയറിയ വഴിയും പ്രതി പൊലീസിന്‌ പറഞ്ഞു കൊടുത്തു. ദാസനെ കഴിഞ്ഞ ദിവസം അഞ്ചലിലെ മെഡിക്കൽ സ്റ്റോറിൽ കൊണ്ടുവന്ന് പൊലീസ് തെളിവെടുത്തു.

അഞ്ചൽ ടൗണിലെ ശബരി മെഡിക്കൽ സ്റ്റോറിൽ 2014 സെപ്തംബർ 21-നാണ്‌ മോഷണം നടന്നത്‌. ഈ കേസിലെ പ്രതിയെന്ന്‌ ആരോപിച്ചാണ് ഓട്ടോ ഡ്രൈവറായ രതീഷിനെ അഞ്ചൽ പൊലീസ് പിടികൂടിയത്‌. മോഷണം നടന്ന് മാസങ്ങൾക്കു ശേഷമായിരുന്നു അറസ്റ്റ്. പൊലീസ് ക്രൂരമായി മർദിച്ചെന്നും ദേഹത്ത് മുളകരച്ച് തേച്ചതായും രതീഷ് പറയുന്നു.

റിമാൻഡിലായി 45 ദിവസം ജയിലിൽ കിടന്നു. പിന്നീട് ബന്ധുക്കൾ കോടതിയെ സമീപിച്ചു. നുണ പരിശോധനയിലും തെളിവുകൾ കണ്ടെത്താൻ പൊലീസിന്‌ കഴിഞ്ഞില്ല. ഇതോടെയാണ് ജയിൽ മോചിതനായത്‌. ഓട്ടോറിക്ഷയുടെ ആർസി ബുക്കും വാഹനത്തിലുണ്ടായിരുന്ന പണവും പൊലീസ് പിടിച്ചെടുത്തതായി രതീഷ് പറഞ്ഞു.

അറസ്റ്റിലായതിന്റെ അപമാനത്തിൽ നിന്ന്‌ ഇതുവരെ മോചിതരായിട്ടില്ലെന്ന്‌ രതീഷും കുടുംബവും പറയുന്നു. ഓടിക്കാൻ കഴിയാതെ, രതീഷിന്റെ ഓട്ടോറിക്ഷ വീട്ടിൽക്കിടന്ന് നശിക്കുകയാണ്. അഞ്ചൽ പൊലീസിനെതിരേ പൊലീസ് കംപ്ലെയ്‌ന്റ് അതോറിറ്റിക്ക് നൽകിയ പരാതിയിൽ 29ന് വാദം കേൾക്കാനിരിക്കെയാണ് കേസിലെ യഥാർഥ പ്രതി പിടിയിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം