കേരളം

കൊലപാതകത്തിനു കാരണം സെക്‌സ്; അഭയ കേസ് വിധിന്യായത്തില്‍ കോടതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അഭയ കേസ് എന്നാല്‍ സെക്‌സും കൊലപാതകവുമാണെന്ന പ്രോസിക്യൂഷന്‍ വാദം, പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള വിധിയില്‍ വിചാരണക്കോടതി പൂര്‍ണമായും ശരിവച്ചു. ''കൊലപാതകത്തിനു കാരണം സെക്‌സ് ആണ്, ലൈംഗിക പ്രവൃത്തിയുടെ ഒരു അനന്തര ഫലമെന്നോണം ആണ് കൊലപാതകം നടന്നത്'' - സിബിഐ ജഡ്ജി കെ സനല്‍കുമാര്‍ വിധിന്യായത്തില്‍ പറഞ്ഞു.

സിസ്റ്റര്‍ സെഫിയും താനും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെയാണ് കഴിഞ്ഞിരുന്നതെന്നും രാത്രികാലങ്ങളിലായിരുന്നു സമ്പര്‍ക്കമെന്നും ഫാദര്‍ തോമസ് കോട്ടൂര്‍ പൊതുപ്രവര്‍ത്തകന്‍ കളര്‍കോട് വേണുഗോപാലിനോടു സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞിരുന്നു. വേണുഗോപാലിന്റെ മൊഴിയും സംഭവം നടന്ന ദിവസം മോഷണത്തിനായി കോണ്‍വെന്റില്‍ എത്തിയ രാജുവിന്റെ മൊഴിയും സിസ്റ്റര്‍ സെഫിയുടെ വൈദ്യപരിശോധനാ ഫലവും കണക്കിലെടുത്താണ് കോടതി ഈ നിഗമനത്തില്‍ എത്തിയത്. പ്രതികള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സിസ്റ്റര്‍ അഭയ കണ്ടെന്നും ഇതു പുറത്തുപറയുമെന്ന ഭയത്തില്‍ കൊല നടത്തിയെന്നുമാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതു കോടതി പൂര്‍ണമായും ശരിവച്ചു.

കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. കൊലപാതകത്തിനും കൊലപാതകം ചെയ്യുന്നതിനു വേണ്ടി അതിക്രമിച്ചു കടന്നതിനുമാണ് ശിക്ഷ. ഇതിനു പുറമേ തെളിവു നശിപ്പിക്കലിന് ഏഴു വര്‍ഷം തടവും കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ജീവപര്യന്തകാലമാണ് ജയിലില്‍ കഴിയേണ്ടി വരിക.

സിസ്റ്റര്‍ സെഫിക്കു കൊലപാതകത്തിനു ജീവപര്യന്തവും തെളിവു നശിപ്പിക്കലിന് ഏഴു വര്‍ഷം തടവും വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. തടവുശിക്ഷയ്ക്കു പുറമേ ഇരുവരും അഞ്ചര ലക്ഷം രൂപ പിഴ ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. അതിക്രമിച്ചു കടക്കലിന് കോട്ടൂരിന് ഒരു ലക്ഷം രൂപ അധിക പിഴ ചുമത്തി.

പ്രായം കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവു നല്‍കണമെന്നും അര്‍ബുദരോഗിയാണെന്നും ഫാദര്‍ കോട്ടൂര്‍ കോടതിയില്‍ പറഞ്ഞു. പ്രായമായ മാതാപിതാക്കള്‍ ഉണ്ടെന്നും അവരെ സംരക്ഷിക്കുന്നത് താനാണെന്നും മറ്റൊരു പ്രതിയായ സിസ്റ്റര്‍ സെഫി പറഞ്ഞു. ശിക്ഷയില്‍ ഇളവു വേണമെന്ന് ഇരുവരും അഭ്യര്‍ഥിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം), 201 (തെളിവു നശിപ്പിക്കല്‍), 449 (അതിക്രമിച്ചുകടക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.

ഗൗരവമേറിയ കുറ്റമാണ് പ്രതികള്‍ ചെയ്തിരിക്കുന്നതെന്നും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ആസൂത്രിത കൊലപാതകമാണോയെന്ന ചോദ്യത്തിന് അല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. എന്നാല്‍ അതിക്രമിച്ചു കടന്നു കൊല നടത്തിയത് ഗൗരവമേറിയതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

സിസ്റ്റര്‍ അഭയ മരിച്ച് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ്, സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ കേസില്‍ കോടതി വിധി പറഞ്ഞത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു