കേരളം

ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കില്ല: കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഒരു ആരാധനാലയത്തേയും ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ ലോക്‌സഭയെ അറിയിച്ചു. കോണ്‍ഗ്രസ് അംഗം കൊടിക്കുന്നില്‍ സുരേഷിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.

സ്വദേശ് ദര്‍ശനുമായി ബന്ധപ്പെട്ട രണ്ടു പദ്ധതികള്‍ ശബരിമലയ്ക്ക് അനുവദിച്ചിട്ടുണ്ടെന്നും പ്രഹ്ലാദ് സിങ് പട്ടേല്‍ അറിയിച്ചു. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്നത് ദക്ഷിണേന്ത്യക്കാര്‍ ദീര്‍ഘകാലമായി മുന്നോട്ടുവെയ്ക്കുന്ന ആവശ്യമാണ്. 2017ല്‍ പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചപ്പോള്‍ ഇതിനോട് യോജിച്ചിരുന്നതായി സിപിഎം ഉള്‍പ്പെടെയുളള പാര്‍ട്ടികളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ആഴ്ചകള്‍ക്ക് മുന്‍പ് ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുക പ്രയോഗികമല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ദേശീയ തീര്‍ഥാടന കേന്ദ്രം ഒന്നുമില്ല. അതിനാല്‍ പുതിയ നിയമ നിര്‍മാണം വേണ്ടി വരും. ഇത് കേന്ദ്ര സര്‍ക്കാരിന് വേഗം നടപ്പാക്കാന്‍ കഴിയുന്നതല്ലെന്നുമാണ് മുരളീധരന്റെ പ്രതികരണം.

അതേസമയം, പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തി ശബരിമല വികസനത്തിനു തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പമ്പ ഗണപതി ക്ഷേത്രം മുതല്‍ ഹില്‍ടോപ്പുവരെ സുരക്ഷാപാലം നിര്‍മിക്കാനുള്ള പദ്ധതിയാണ് ഉള്‍പ്പെടുത്തിയത്. ഇതിനായി 29.9 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്