കേരളം

'എന്നെ വെട്ടിക്കൊല്ലുമെന്നു പറഞ്ഞു', രമയുടെ സന്ദേശം പുറത്ത് ;  ഭാര്യയുടെ സൗഹൃദത്തില്‍ അസ്വസ്ഥനായി വിനോദ് ; പുല്ലൂറ്റ് കൂട്ട ആത്മഹത്യയില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : കൊടുങ്ങല്ലൂരിലെ പുല്ലൂറ്റില്‍ ഒരു കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍, ഭാര്യയുടെ സൗഹൃദത്തെക്കുറിച്ചു ഭര്‍ത്താവിനുണ്ടായ സംശയമാണ് കൂട്ടമരണത്തിലേക്ക് നയിച്ചതെന്ന നിഗമനത്തില്‍ പൊലീസ്. ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയുമായി രമയ്ക്കുണ്ടായിരുന്ന സൗഹൃദത്തില്‍ ഭര്‍ത്താവ് പുല്ലൂറ്റ് തൈപറമ്പത്ത് വിനോദ് അസ്വസ്ഥനായിരുന്നു. ഇക്കാര്യം തെളിയിക്കുന്ന രമയുടെ ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നിരുന്നു.

രമ ജോലി ചെയ്തിരുന്ന സ്ഥാപനമായ കൊടുങ്ങല്ലൂര്‍ വടക്കേനടയിലെ റീഗല്‍ സ്‌റ്റോഴ്‌സിന്റെ ഉടമ അബ്ബാസിനാണ് മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് തുടര്‍ച്ചയായി രമ സന്ദേശം അയച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം രമ അബ്ബാസിന്റെ കടയില്‍ വീണ്ടും ജോലിക്കു പോകുന്നതു ഭര്‍ത്താവ് വിനോദ് വിലക്കിയിരുന്നു. ഇതു സംബന്ധിച്ചു വാക്കേറ്റവും തര്‍ക്കവും ഉണ്ടായതാണ് സന്ദേശത്തിലുള്ളത്. 'ഭര്‍ത്താവ് എന്നെ വെട്ടിക്കൊല്ലുമെന്നു പറഞ്ഞു' എന്ന് രമ സ്ഥാപനം ഉടമയ്ക്ക് അയച്ച ഓഡിയോ ക്ലിപ്പില്‍ പറയുന്നുണ്ട്.

താനും കടുപ്പിച്ചു മറുപടി പറഞ്ഞെന്നും, ഇതേത്തുടര്‍ന്ന് രണ്ടു ദിവസമായി വിനോദ് ഭക്ഷണം കഴിച്ചിട്ടില്ലെന്നും സന്ദേശത്തില്‍ രമ വ്യക്തമാക്കുന്നു. ഈ വഴക്കാണ് രമയുടെയും വിനോദിന്റെയും മക്കളായ നീരജിന്റെയും നയനയുടെയും മരണത്തിലേക്കു നയിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. രമയുടെ മൊബൈല്‍ ഫോണില്‍നിന്നു ലഭിച്ച മൂന്നു സന്ദേശവും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

മകള്‍ നയനയുടെ മൊബൈലില്‍നിന്നും സുഹൃത്തിന് സന്ദേശം അയച്ചതും പൊലീസ് പരിശോധിച്ചു. ഇതു പ്രണയ സന്ദേശങ്ങള്‍ മാത്രമായിരുന്നെന്നാണ് സൂചന. അതേസമയം, ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം വിനോദ് ജീവനൊടുക്കുകയായിരുന്നോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് ശാസ്ത്രീയ അന്വേഷണ മാര്‍ഗങ്ങള്‍ തേടി. മൃതദേഹങ്ങള്‍ തൂങ്ങിനിന്ന കയര്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് വിനോദ്, രമ, മക്കളായ നയന, നീരജ് എന്നിവരെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്