കേരളം

രാജ്യസ്‌നേഹിയായ കള്ളന്‍ പട്ടാളക്കാരന്റെ വീട്ടില്‍ കയറി; കഥ കേട്ടപ്പോള്‍ പൊലീസും 'ഞെട്ടി'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മോഷ്ടിക്കാനാണ് കള്ളന്‍ അകത്ത് കയറിയത്. കയറിയ വീട് പട്ടാളക്കാരന്റെതാണെന്നറിഞ്ഞതോടെ കള്ളന് മനസ്താപം. മാപ്പുപറയാതെ വീട്ടില്‍ നിന്ന് ഇറങ്ങാനും വയ്യാത്ത അവസ്ഥ. അതിന് കള്ളന്‍ തന്നെ വഴി കണ്ടുപിടിച്ചു. വീട്ടിലെ ചുമര് മുഴുവന്‍ കള്ളന്‍ മാപ്പ് എഴുതി നിറച്ചു. തൃപ്പുണിത്തുറ തിരുവാങ്കുളത്താണ് മോഷ്ടാവ് മാപ്പ് ചോദിച്ച് മടങ്ങിയത്. 

കഴിഞ്ഞദിവസം രാത്രിയാണ് തിരുവാങ്കുളത്തെ അഞ്ച് കടകളില്‍ മോഷണം നടന്നത്. ഇവിടെനിന്ന് പതിനായിരത്തിലേറെ രൂപ നഷ്ടമായി. ശേഷം മോഷ്ടാവ് കയറിയത് പാലത്തിങ്കല്‍ ഐസക്ക് മാണി എന്നയാളുടെ വീട്ടില്‍. ഇവിടെവെച്ച് മോഷണമുതലുകള്‍ പരിശോധിക്കുകയും ഒത്താല്‍ എന്തെങ്കിലും അടിച്ചുമാറ്റുകയുമായിരുന്നു മോഷ്ടാവിന്റെ ലക്ഷ്യം. എന്നാല്‍ വീട്ടിനുള്ളില്‍ ഒരു പട്ടാളക്കാരന്റെ തൊപ്പി കണ്ടതോടെ കള്ളന്റെ മനസുമാറി. കുറ്റബോധവും ഉടലെടുത്തു. വീടിന്റെ ചുമരില്‍ കള്ളന്‍ എഴുതിയത് ഇങ്ങനെ

'ബൈബിളിലെ ഏഴാമത്തെ കല്പന ഞാന്‍ ലംഘിച്ചു. പക്ഷേ, എന്റെ മുന്നില്‍ നിങ്ങളും നരകത്തില്‍ ഉണ്ടാകും. ഒരു പട്ടാളക്കാരന്റെ വീടാണെന്ന് അറിയില്ലായിരുന്നു. അവസാനനിമിഷമാണ് മനസിലായത്. തൊപ്പി കണ്ടപ്പോള്‍. ഓഫീസര്‍ ക്ഷമിക്കണം' 

മാപ്പപേക്ഷയ്ക്ക് പുറമെ മോഷണം നടത്തിയ കടയില്‍നിന്ന് എടുത്ത ബാഗ് തിരിച്ചേല്‍പ്പിക്കണമെന്നും കള്ളന്‍ ചുമരില്‍ എഴുതിയിട്ടുണ്ട്. ബാഗില്‍നിന്ന് പണം നഷ്ടമായിട്ടുണ്ടെങ്കിലും പേഴ്‌സും രേഖകളും തിരിച്ചേല്‍പ്പിച്ചു. ഇത് തിരികെ നല്‍കണമെന്നായിരുന്നു കള്ളന്റെ നിര്‍ദേശം. 

സംഭവസ്ഥലത്ത് സിസിടിവി ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞദിവസം അത് പണിമുടക്കിയത് പൊലീസിന് തിരിച്ചടിയായി. എന്തായാലും മാപ്പ് പറഞ്ഞ് മുങ്ങിയ കള്ളനെ കണ്ടെത്താന്‍ തൃപ്പുണിത്തുറ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്