കേരളം

കൊള്ളക്കാരുടെ തോക്കിന് മുന്നില്‍പ്പെട്ട അവസ്ഥ; രൂക്ഷപ്രതികരണവുമായി ലെവിറ്റ്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പണിമുടക്ക് ദിവസത്തില്‍ താന്‍ സഞ്ചരിച്ച ഹൗസ് ബോട്ട് തടഞ്ഞവര്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി നൊബേല്‍ ജേതാവ് മൈക്കിള്‍ ലെവിറ്റ്. ക്രിമിനലുകള്‍ തന്നെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. കൊള്ളക്കാരുടെ തോക്കിന് മുന്നില്‍പെട്ടപോലുള്ള അവസ്ഥയായിരുന്നു. സര്‍ക്കാരിന്റെ അതിഥിയാണെന്ന് അറിഞ്ഞിട്ടും മോശമായി പെരുമാറി. നിയമവാഴ്ചയില്ലാത്ത നാടായി ഇന്ത്യ മാറുന്നോ എന്ന് ഭയപ്പെടുന്നു. ടൂര്‍ ഓപ്പറേറ്റര്‍ ജെന്‍സ് ജോര്‍ജിനയച്ച മെയിലിലാണ് ലെവിറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹൗസ് തടഞ്ഞവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബോട്ടുടമയുടെ  പരാതിയിലാണ് പുളിങ്കുന്ന് പൊലീസിന്റെ നടപടി. ആലപ്പുഴയില്‍ വച്ചായിരുന്നു തടഞ്ഞത്. ഹൗസ്‌ബോട്ട് പണിമുടക്ക് അനുകൂലികള്‍ വേമ്പനാട്ടുകായലില്‍ ഒന്നരമണിക്കൂര്‍  തടഞ്ഞിട്ടിരുന്നു . ടൂറിസത്തിനും കേരളത്തിനും ചേരാത്ത നടപടിയെന്ന് മൈക്കിള്‍ ലെവിറ്റ് പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് ടൂറിസം മന്ത്രിയും പറഞ്ഞു.

കുമരകത്തുനിന്ന് കുട്ടനാട്ടിലേക്ക് എത്തിയ മൈക്കിള്‍ ലെവിറ്റും ഭാര്യയും സഞ്ചരിച്ച ഹൗസ്‌ബോട്ട് ആര്‍ ബ്ലോക്കിന് സമീപമാണ് ഇന്നലെ രാത്രി നങ്കൂരമിട്ടത്. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് യാത്ര ആരംഭിക്കാനിരിക്കെ പണിമുടക്ക് അനുകൂലികള്‍ തടയുകയായിരുന്നു. ഒന്നരമണിക്കൂറോളം ഹൗസ് ബോട്ട് പിടിച്ചിട്ടു. പിന്നീടാണ് വിട്ടയച്ചത്. പൊലീസില്‍ പരാതിപ്പെടാനോ സമരാനുകൂലികളോട് തര്‍ക്കിക്കാനോ ലെവിറ്റ് തയ്യാറായില്ല. തടഞ്ഞവരെ എതിര്‍ക്കരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നതായി അദ്ദേഹം പിന്നീട് വ്യക്തമാക്കി.

താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി  എത്തിയതാണെന്നും ഹൗസ്‌ബോട്ടില്‍ തടഞ്ഞുവച്ചത് ടൂറിസത്തിനും കേരളത്തിനും ഇന്ത്യക്കും ചേരാത്തതാണെന്നും അദ്ദേഹം പ്രതികരണ സന്ദേശത്തില്‍ കുറിച്ചു. ടൂറിസത്തെ ഒഴിവാക്കിയെന്നു പറഞ്ഞിട്ടും, തടഞ്ഞത് നിയമവിരുദ്ധമാണെന്നും മൈക്കിള്‍ ലെവിറ്റ് ചൂണ്ടിക്കാട്ടി. സാമൂഹ്യവിരുദ്ധരാണ് തടഞ്ഞതെന്നും കര്‍ശന നടപടിയുണ്ടാവുമെന്നും ടൂറിസം മന്ത്രി പ്രതികരിച്ചു

കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കളും നിലപാടറിയിച്ചു. സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ആയ മൈക്കിള്‍ ലെവിറ്റിന് 2013ലാണ് രസതന്ത്രത്തില്‍ നേബല്‍ സമ്മാനം ലഭിച്ചത്. കേരള സര്‍വകലാശാലയില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനാണ് കേരളത്തിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം