കേരളം

ആദ്യ സൈറൺ മുഴങ്ങി ; ജെയിന്‍ കോറല്‍ കോവ് നിലംപതിക്കാന്‍ നിമിഷങ്ങള്‍ മാത്രം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ ജെയിന്‍ കോറല്‍ കോവ് അൽപ്പസമയത്തിനകം നിലംപതിക്കും. രാവിലെ 11 മണിക്കാണ് സ്ഫോടനം നടക്കുക. അതിന് മുന്നോടിയായി ആദ്യ സൈറൺ മുഴങ്ങിക്കഴി‍ഞ്ഞു. രണ്ടാമത്തെ സൈറൺ 10.55 നും മൂന്നാമത്തെ സൈറൺ 10.59 നും മുഴങ്ങും. രാവിലെ തന്നെ പ്രദേശത്തെ സമീപവാസികളെയെല്ലാം ഒഴിപ്പിച്ചിരുന്നു. പ്രദേശത്ത് രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്നാമത്തെ സൈറണ്‍ മുഴങ്ങുന്നതോടെ ജെയ്ന്‍ കോറല്‍കോവ് തകര്‍ന്ന് തരിപ്പണമാകും. ജെയ്ന്‍ കോറല്‍ കോവിനെ ഒരു സ്ഥലത്തേക്ക് ചെരിച്ച് വീഴ്ത്തുന്ന രീതിയിലാകും സ്‌ഫോടനം നടത്തുക. മരടിലെ പൊളിക്കുന്ന ഫ്ലാറ്റുകളിലെ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയമാണ് ജെയിൻ കോറൽ കോവ്.  ജെയിൻ കോറൽകോവിൽ 400 കിലോ സ്ഫോടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഫ്ലാറ്റ് പൊളിക്കാന്‍ കരാറെടുത്തിരിക്കുന്ന ജെറ്റ് ഡെമോളിഷന്‍ കമ്പനി വിദഗ്ദര്‍ തുടര്‍ന്ന് ജെയ്ന്‍ കോറല്‍ കോവിലെ ക്രമീകരണങ്ങള്‍ അവസാന നിമിഷം വീണ്ടും വിലയിരുത്തി ഉറപ്പുവരുത്തി.

ജെയിൻ കോറൽകോവിൽ 16 നിലകളിലായി 125 അപാർട്മെന്റുകളാണ് ഉള്ളത്. ഇതിന് 50 മീറ്റർ ഉയരമുണ്ട്.  ഈ ഫ്ലാറ്റ് കെട്ടിടത്തിന്റെ 200 മീ ചുറ്റളവിൽ ആകെയുള്ളത് നാല് വീടുകൾ മാത്രമാണെന്നത് സ്ഫോടനത്തിന്റെ വെല്ലുവിളി കുറയ്ക്കുന്നു. എന്നാൽ കായലിനോട് ചേർന്ന് കിടക്കുന്ന ഫ്ലാറ്റ് കെട്ടിടം തകർക്കുമ്പോൾ അവശിഷ്ടങ്ങൾ കായലിലേക്ക് വീഴാതിരിക്കാൻ ഉയർന്ന ജാഗ്രത പുലർത്തുന്നുണ്ട്. ഇതിനായി ഫ്ലാറ്റ് കെട്ടിടത്തോട് ചേർന്ന് നിലനിന്നിരുന്ന കാർ പാർക്കിങ് ഏരിയ പൊളിച്ച് ഈ ഭാഗം തുറസായ സ്ഥലമാക്കി മാറ്റിയിരുന്നു.

ജെയിൻകോറൽകോവ് 45 ഡിഗ്രി ചെരിച്ച് പൊളിച്ചിടുക എന്നാണ് ലക്ഷ്യം. വലിയ ബുദ്ധിമുട്ടില്ലാതെ സ്ഫോടനം നടത്തി തകർക്കാനാവുമെന്ന് പ്രതീക്ഷ. ഉദ്ദേശിച്ച രീതിയിൽ തകർക്കാൻ സാധിച്ചാൽ വലിയതോതിൽ അവശിഷ്ടങ്ങൾ കായലിലേക്ക് പതിക്കില്ല. ഫ്ലാറ്റിൽ ഒന്ന്, മൂന്ന്, ആറ്, 11, 14 നിലകളിലാണ് സ്ഫോടക വസ്തുക്കൾ നിറച്ചിരുന്നത്. ആദ്യം വൈദ്യുതി ഉപയോഗിച്ച് സ്ഫോടനം നടത്തിയ ശേഷം ടൈമർ ഉപയോഗിച്ച് വലിയ സ്ഫോടനം നടത്തും. ഇതോടെ ഫ്ലാറ്റ് കെട്ടിടം തകർന്ന് നിലംപൊത്തും.

രണ്ടുമണിക്കാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കുക. ഈ കെട്ടിടത്തെ രണ്ടായി പിളര്‍ന്നുകൊണ്ട് പൊളിക്കുന്ന വിധമാകും സ്‌ഫോടനം നടത്തുക. ഈ വിധമാണ് അതില്‍ സ്‌ഫോടക വസ്തുക്കള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന് സമീപം പണി പൂര്‍ത്തിയായ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയവും ഒരു അംഗനവാടിയുമുണ്ട്. ഇവയ്ക്ക് പ്രശ്‌നങ്ങളുണ്ടാകാതെ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴാത്ത വിധമാണ് എല്ലാം ആസൂത്രണം ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ