കേരളം

ബിജെപിയുടെ വോട്ടുവാങ്ങി നിയമസഭ കണ്ടവനാണ് പിണറായി; ഉപദേശം വേണ്ട; സ്വയം നന്നായാല്‍ മതിയെന്ന് കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: പൗരത്വനിയമഭേദഗതിക്കെതിരെ സമരം നടത്താന്‍ കോണ്‍ഗ്രസിന് പിണറായി വിജയന്റെ ഉപദേശം ആവശ്യമില്ലെന്ന് കെ സുധാകരന്‍ എംപി. സംയുക്തസമരം നടത്തിയത് കോണ്‍ഗ്രസിന് ക്ഷീണമായിട്ടില്ലെന്നും തങ്ങള്‍ ഇടതുപക്ഷക്കാരന്റെ  കാലിന്‍മേലല്ല കളിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റെതായ ഐഡന്‍ഡിറ്റിയിട്ടുണ്ട്. തങ്ങള്‍ ചെലയ്ക്കുന്നത് തങ്ങളുടെ കാലിന്റെ പുറത്താണ്. തങ്ങള്‍ക്ക് സിപിഎമ്മിന്റെ സഹായം വേണ്ടെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ ഒറ്റയ്ക്ക് നില്‍ക്കാനുള്ള കപ്പാസിറ്റി കോണ്‍ഗ്രസിനുണ്ട്. അതിനുള്ള ആളും പിന്തുണയുമുണ്ട്. പൗരത്വനിയമഭേദഗതിക്കെതിരെ കോണ്‍ഗ്രസിന്റെ എല്ലാ വിഭാഗങ്ങളും സമരമുഖത്താണ്. അതുകൊണ്ട് പിണറായി വിജയന്‍ തങ്ങളെ ഉപദേശിക്കേണ്ടതില്ലെന്നും സ്വയം നന്നാകാന്‍ നോക്കിയാല്‍ മതിയെന്നും സുധാകരന്‍ പറഞ്ഞു.

ബിജെപിയുടെ വോട്ടുവാങ്ങി കേരള നിയമസഭ കണ്ടവനാണ് പിണറായി. ബിജെപിക്കെതിരെ ചാരിത്ര്യപ്രസംഗം നടത്തി പിണറായി വിജയന്‍ തങ്ങളെ പഠിപ്പിക്കേണ്ട. അവരുടെ വോട്ടുവാങ്ങി തങ്ങളുടെ ആരും എംഎല്‍എയും എംപിയുമായിട്ടില്ല. അതുകൊണ്ട് തങ്ങളെ  രാഷ്ട്രീയ മര്യാദ പഠിപ്പിക്കരുതെന്നും സുധാകരന്‍ പറഞ്ഞു. പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഒരു മുസ്ലീം സംഘടനയും കോണ്‍ഗ്രസുമായി അകന്നിട്ടില്ലെന്നും അത്തരം വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം സമരത്തില്‍ തീവ്രവാദസ്വഭാവമുള്ള സംഘടനകളെ മാറ്റി നിര്‍ത്തണമെന്ന നിലപാട് ഞങ്ങള്‍ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഗവര്‍ണര്‍ ബിജെപി വക്താവായി സംസാരിച്ചിട്ടും അദ്ദേഹത്തിനെതിരെ ഒരു രാഷ്ട്രീയ നിലപാട് എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഗവര്‍ണര്‍ നിലപാട് തിരുത്തണമെന്ന് പറയാന്‍ പോലും പിണറായി തയ്യാറായിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. സംയുക്തസമരവുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളി പറഞ്ഞതില്‍ രാഷ്ട്രീയമുണ്ട്. എന്നാല്‍ അക്കാര്യം അദ്ദേഹം പറയേണ്ടത് പാര്‍ട്ടിക്കകത്തായിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല ചെയ്തതാണ് ശരി. സന്ദര്‍ഭോചിതമായ തീരുമാനമാണ് രമേശ് കൈക്കൊണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിക്കകത്ത് മുല്ലപ്പള്ളിയ്‌ക്കെതിരെ ഗ്രൂപ്പ്് അടിസ്ഥാനത്തില്‍ ആക്രമണം നടത്തുന്നെന്ന് പറയാനാവില്ല. കോണ്‍ഗ്രസില്‍ എല്ലാവരും വ്യക്തിപരമായി അഭിപ്രായം പങ്കിടുന്നവരാണ്. മുന്‍പും അങ്ങനെ ആയിരുന്നില്ലേ?. അന്ന് കെ കരുണാകരനും ആന്റണിയുമാണെങ്കില്‍ ഇന്നത് രമേശും ഉമ്മന്‍ചാണ്ടിയുമായി-സുധാകരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ