കേരളം

വ്യവസായ ഇടനാഴിക്കായി 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നു ; തീപ്പിടിത്തത്തില്‍ വീടു നശിച്ചാല്‍ നാലു ലക്ഷം രൂപ ധനസഹായം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കായി ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭാ തീരുമാനം. വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടുന്നതിന്റെ ഭാഗമായി പാലക്കാട് സ്ഥാപിക്കുന്ന ഏകീകൃത ഉല്‍പാദന ക്ലസ്റ്ററിന്റെ വികസനത്തിന് 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. കിഫ്ബി സഹായത്തോടെയാണ് ഭൂമി ഏറ്റെടുക്കുക. 1038 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

വ്യവസായ ഇടനാഴി കൊച്ചിയിലേക്ക് നീട്ടുന്നതിനുള്ള കേരളത്തിന്റെ അപേക്ഷ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്പ്‌മെന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് അംഗീകരിച്ചിട്ടുണ്ട്. 160 കിലോമീറ്ററാണ് ഇടനാഴിയുടെ നീളം. പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ സ്ഥാപിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പുതുശ്ശേരി, ഒഴലപ്പതി ഭാഗങ്ങളിലാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തീപ്പിടിത്തത്തില്‍ വീടുകള്‍ക്ക് കാര്യമായ നഷ്ടം സംഭവിച്ചാല്‍ പരമാവധി ഒരു ലക്ഷം രൂപയും, വീട് പൂര്‍ണ്ണമായി കത്തിനശിച്ചാന്‍ നാലു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. 75 ശതമാനത്തിലധികം നഷ്ടം സംഭവിക്കുന്ന വീടുകളെ പൂര്‍ണ്ണമായി കത്തിനശിച്ചതായി കണക്കാക്കി നാലു ലക്ഷം രൂപ നല്‍കും. കടല്‍ക്ഷോഭത്തില്‍ വള്ളമോ ബോട്ടോ പൂര്‍ണ്ണമായി നഷ്ടപ്പെടുന്നവര്‍ക്ക് പരമാവധി രണ്ടു ലക്ഷം രൂപയും വലയോ കട്ടമരമോ പൂര്‍ണ്ണമായി നഷ്ടപ്പെടുന്നവര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും. ഇവ ഭാഗികമായി നഷ്ടപ്പെടുന്നവര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപയും നല്‍കാനും തീരുമാനിച്ചു.

പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളേജില്‍ രസതന്ത്ര വിഭാഗത്തില്‍ മൂന്ന് അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പുതിയ ഒരു ഡിവിഷന്‍ ആരംഭിക്കുന്നതിന് രണ്ട് യു.പി.എസ്.എ തസ്തികയും ഒരു പാര്‍ടൈം ഹിന്ദി അധ്യാപക തസ്തികയും സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പുതിയ ലേബര്‍ കമ്മീഷണറായി പ്രണബ് ജ്യോതിനാഥിനെ നിയമിച്ചു. നിലവിലെ ലേബര്‍ കമ്മീഷണര്‍ സി വി സജനെ തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിച്ചു. കോട്ടയത്ത് സ്ഥിതി ചെയ്യുന്ന കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തിന്റെ നിയന്ത്രണാധികാരം പരിസ്ഥിതി വകുപ്പില്‍ നിന്നും മാറ്റി ശാസ്ത്ര സാങ്കേതിക വകുപ്പിനു നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!