കേരളം

കവര്‍ന്ന 40 പവന്‍ സ്വര്‍ണ്ണം പുരയിടത്തിലൊളിപ്പിച്ച് മോഷ്ടാവ് ; കുഴിച്ചു കുഴിച്ച് പൊലീസ് ചെന്നത് കുഴിമാടത്തില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : അടച്ചിട്ടിരുന്ന വീട്ടില്‍ നിന്നും 40 പവനും വിദേശ കറന്‍സി ഉള്‍പ്പെടെ 50,000 രൂപയും മോഷ്ടിച്ച സംഭവത്തില്‍ സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. മോഷ്ടാവിന്റെ ഭാര്യാപിതാവിന്റെ കുഴിമാടത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണാഭരണങ്ങള്‍. കേസിലെ രണ്ടാംപ്രതിയും മുഖ്യസൂത്രധാരനുമായ കണ്ണപ്പന്‍ എന്നുവിളിക്കുന്ന ആറ്റിങ്ങല്‍ ആര്‍ എസ് നിവാസില്‍ രതീഷി(35)ന്റെ  ഭാര്യാപിതാവിനെ സംസ്‌കരിച്ച കവലയൂരിലെ കുഴിമാടത്തില്‍ നിന്നാണ് തൊണ്ടിമുതല്‍ കണ്ടെടുത്തത്.

ഇക്കഴിഞ്ഞ ജനുവരി എട്ടിന് പ്രവാസിയായ മണമ്പൂര്‍ പാര്‍ത്തുക്കോണം എഎസ് ലാന്‍ഡില്‍ അശോകന്റെ അടച്ചിട്ടിരുന്ന വീടു കുത്തിത്തുറന്ന മോഷ്ടാക്കള്‍ ബെഡ്‌റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന  40 പവനിലേറെ വരുന്ന സ്വര്‍ണവും യുഎഇ ദിര്‍ഹമടക്കം വിദേശകറന്‍സിയുള്‍പ്പെടെ 50,000ത്തോളം രൂപയും അപഹരിച്ചത്. കടയ്ക്കാവൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ രതീഷുള്‍പ്പെടെ നാലംഗ സംഘം അറസ്റ്റിലായിരുന്നു. പെരുങ്കുളം തൊപ്പിച്ചന്ത റോഡുവിളവീട്ടില്‍ സിയാദ്(27), മണനാക്ക് പെരുംകുളം എംവിപി ഹൗസില്‍ സെയ്ദലി(21), വക്കം വലിയപള്ളി മേത്തരുവിളാകം വീട്ടില്‍ സിയാദ്(20) എന്നിവരാണ് പിടിയിലായത്.

റിമാന്‍ഡിലായിരുന്ന രതീഷിനെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണാഭരണങ്ങളടക്കം പുരയിടത്തില്‍ ഒളിപ്പിച്ചിരിക്കുന്നുണ്ടെന്ന സൂചന കിട്ടിയത്. പുരയിടത്തില്‍ പല സ്ഥലങ്ങള്‍ കിളച്ചു നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെയാണ് സമീപത്ത് ഒരാഴ്ച മുന്‍പു സംസ്‌കാരം നടന്ന കുഴിമാടത്തില്‍ മണ്ണിളകിക്കിടന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അവിടെ കുഴിച്ച് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ കവറിലാക്കി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

പിടിയില്‍ പെടുമ്പോഴെല്ലാം പരസ്പരവിരുദ്ധമായി കാര്യങ്ങള്‍ പറഞ്ഞ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയും മോഷണവസ്തുക്കളെക്കുറിച്ചു അവ്യക്തതയുണ്ടാക്കുകയുമാണ്  രതീഷിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. കിളിമാനൂരില്‍ ബാര്‍ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലും കടയ്ക്കലില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും 500പവനിലേറെ  പണയസ്വര്‍ണം കൊള്ളയടിച്ച കേസിലും പ്രതിയാണ് രതീഷ്.  അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് ഉള്‍പ്പെടെ ലഹരിവസ്തുക്കള്‍ ജില്ലയിലെത്തിച്ച് വില്‍പനനടത്തുന്ന  സംഘത്തിന്റെ തലവന്‍ കൂടിയാണ് പ്രതിയെന്നും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും ബിജെപി വന്നാല്‍ പിണറായി ഉള്‍പ്പെടെ എല്ലാവരും ജയിലില്‍: കെജരിവാള്‍

ജീപ്പിന് നേരെ പാഞ്ഞടുത്ത് കാട്ടാന; ആറളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപെട്ടത് തലനാരിഴക്ക്

ബാബര്‍ അസം കോഹ്‌ലിക്കൊപ്പം; ടി20യില്‍ റെക്കോര്‍ഡ്

ഫോണില്‍ ഇന്റര്‍നെറ്റ് പ്രശ്‌നം ഉണ്ടോ?, ഇതാ അഞ്ചുടിപ്പുകള്‍

പ്ലേ ഓഫ് ഉറപ്പിച്ച് കൊല്‍ക്കത്ത, രാജസ്ഥാന്‍; 2 സ്ഥാനങ്ങള്‍ക്കായി 4 ടീമുകള്‍