കേരളം

ഒടുവില്‍ സര്‍ക്കാരിന് വഴങ്ങി ഗവര്‍ണര്‍; പൗരത്വ നിയമ വിമര്‍ശനം സഭയില്‍ വായിച്ചു, മുഖ്യമന്ത്രിയെ മാനിക്കുന്നെന്ന് വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

തിരുവനനന്തപുരം: ദിവസങ്ങള്‍ നീണ്ട ആകാംക്ഷയ്ക്ക് വിരാമമിട്ട്, നയ പ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പരാമര്‍ശം വായിച്ച് ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ നയപ്രഖ്യാപന പ്രസംഗത്തിലെ പരാമര്‍ശത്തില്‍ തനിക്ക് വിയോജിപ്പുണ്ടെങ്കിലും സര്‍ക്കാര്‍ നയമായതു കൊണ്ട് വായിക്കുന്നു എന്ന് വിശദീകരണം നല്‍കിയാണ് ഗവര്‍ണര്‍ ഇക്കാര്യം വായിച്ചത്. നയ പ്രഖ്യാപന പ്രസംഗത്തിലെ 18-ാം ഖണ്ഡികയിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പരാമര്‍ശങ്ങള്‍ അടങ്ങിയിരിക്കുന്നത്. 

ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന പൗരത്വനിയമ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് എതിരാണ് തുടങ്ങി 18-ാം ഖണ്ഡികയില്‍ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളാണ് ഗവര്‍ണര്‍ വായിച്ചത്. ഭരണഘടന അനുശാസിക്കുന്ന തുല്യയ്ക്ക് എതിരാണ് നിയമമെന്നും ഗവര്‍ണര്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പരാമര്‍ശം ഗവര്‍ണര്‍ വായിച്ചപ്പോള്‍, ഭരണപക്ഷാംഗങ്ങള്‍ ഡെസ്‌കില്‍ അടിച്ച് സ്വാഗതം ചെയ്തു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പരാമര്‍ശം വായിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ മാനിക്കുന്നു. എങ്കിലും നിയമത്തിനെതിരെയുളള എതിര്‍പ്പില്‍ വിയോജിപ്പ് അറിയിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. ഇത് സര്‍ക്കാരിന്റെ നയമല്ല, കാഴ്ചപ്പാട് മാത്രമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള ഭാഗം വായിക്കില്ലെന്നായിരുന്നു ഗവര്‍ണറുടെ മുന്‍നിലപാട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള എതിര്‍പ്പ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് ഇന്ന് രാവിലെ കത്ത് അയച്ചിരുന്നു. ഇതിനെതിരെ വിയോജിപ്പ് ഉണ്ടെങ്കില്‍ സഭാരേഖകളില്‍ ഇതും ഉള്‍പ്പെടുത്താമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവാദ ഭാഗം വായിക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍