കേരളം

നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങി; ദിലീപ് ഉള്‍പ്പെടെ എല്ലാ പ്രതികളും കോടതിയില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ക്കു തുടക്കം. സാക്ഷിവിസ്താരത്തിനായി ആക്രമണത്തിന് ഇരയായ നടി എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ എത്തി. നടന്‍ ദിലീപ് ഉള്‍പ്പെടെ എല്ലാ പ്രതികളും കോടതിയില്‍ എത്തിയിട്ടുണ്ട്. അടച്ചിട്ട കോടതി മുറിയിലാണ് സാക്ഷിവിസ്താരം.

ഒന്നാം സാക്ഷിയായ നടിയുടെ സാക്ഷിവിസ്താരമാണ് ആദ്യം നടക്കുക. കേസില്‍ ആറു മാസത്തിനകം വിചാരണ തീര്‍ക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളത്. 

കേസിലെ ഒന്നാംപ്രതിയായ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി തന്നെ ജയില്‍നിന്നു ഭീഷണിപ്പെടുത്തിയ കേസില്‍ ഇര താനാണന്നും ഈ കേസ് പ്രത്യേകമായി വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. ഈ ഹര്‍ജി വിചാരണ നടപടികളില്‍ തുടങ്ങാന്‍ തടസമല്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. 

താന്‍ ഇരയായ കേസും പ്രതിയായ കേസും ഒന്നിച്ചു വിചാരണ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹര്‍ജി നല്‍കിയിട്ടുള്ളത്. സുനി ദിലീപിനെ ഫോണ്‍ ചെയ്തത് നടിയെ ആക്രമിച്ചതിനുള്ള പ്രതിഫലം ആരാഞ്ഞുകൊണ്ടാണെന്നാണ്  പ്രോസിക്യൂഷന്‍ വാദം. ഇക്കാര്യം പ്രത്യേക കേസായി രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കോടതിയില്‍ ആശയക്കുഴപ്പമുണ്ടാക്കി വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു.

2017 ഫെബ്രുവരി 17ന് തൃശൂരില്‍നിന്നു ഷൂട്ടിങ് കഴിഞ്ഞ് കൊച്ചിയിലേക്കു മടങ്ങുകയായിരുന്ന നടിയെ നെടുമ്പാശ്ശേരിക്കു സമീപത്തു വച്ച് തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നാണ് കേസ്. വാഹനത്തിനുള്ളില്‍ വച്ച് നടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തി. ഇതു ദീലീപ് നല്‍കിയ ക്വട്ടേഷന്‍ ആണെന്നാണ് ആരോപണം. അതേ വര്‍ഷം ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്