കേരളം

മഹേശന്റെ ആത്മഹത്യ : തുഷാര്‍ വെള്ളാപ്പള്ളിയെ പൊലീസ് ചോദ്യം ചെയ്യും

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബിഡിജെഎസ് അധ്യക്ഷനും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയെ പൊലീസ് ചോദ്യം ചെയ്യും. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാകും ചോദ്യം ചെയ്യല്‍. വൈകീട്ട് 5.30 നാണ് മാരാരിക്കുളം പൊലീസ് തുഷാറിനെ ചോദ്യം ചെയ്യുക.

മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ മഹേശന്റെ കുടുംബം ആരോപണവുമായി രംഗത്തെത്തിയിരുന്നു. 15 കോടി കെ.കെ മഹേശന്‍ എടുത്തിട്ട് എവിടെപ്പോയി. ക്രമക്കേട് നടന്ന എസ്എന്‍ഡിപി ചേര്‍ത്തല യൂണിയന്റെ ചെയര്‍മാനാണ് തുഷാര്‍ വെള്ളാപ്പളളി. മഹേശന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെ പകച്ചിരിക്കുകയാണ് തുഷാറെന്നും സഹോദരന്‍ അനില്‍കുമാര്‍ ആരോപിച്ചു.

മഹേശനും തുഷാറും ഒന്നിച്ചാണ് ചേര്‍ത്തല യൂണിയന്‍ ഭരിച്ചത്. രണ്ടു പേരും ഒപ്പിട്ടാണ് എല്ലാ സാമ്പത്തിക ഇടപാടുകളും നടന്നത്. മഹേശന്‍ ക്രമക്കേട് നടത്തിയെടുത്തുവെന്ന് പറയുന്ന 15 കോടി എവിടെ പോയി എന്ന് കണ്ടു പിടിക്കണം. നിലനില്‍പ്പിന്റെ ഭാഗമായാണ് തുഷാര്‍ ഇപ്പോള്‍ അഴിമതി ആരോപണങ്ങളുന്നയിക്കുന്നതെന്നും  കുടുംബം പറഞ്ഞു.

കണിച്ചുകുളങ്ങര, ചേർത്തല ദേവസ്വത്തില്‍ വന്‍ ക്രമക്കേടുണ്ടായിയെന്നും, കാണാതായ 15 കോടിയുടെ ഉത്തരവാദി മഹേശനാണെന്നുമാണ് തുഷാർ വെള്ളാപ്പള്ളി ആരോപിച്ചത്. മഹേശന്‍ ഒറ്റക്കാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്. ഭീഷണിപ്പെടുത്തി ക്രമക്കേടില്‍ നിന്നും ഒഴിയാനായിരുന്നു മഹേശന്റെ ആദ്യ ശ്രമം. ആത്മഹത്യാക്കുറിപ്പില്‍ കഥയുണ്ടാക്കി എഴുതിയെന്നും തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു.

മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിൽ നിന്നും പൊലീസ് ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൈക്രോഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററായിരുന്ന കെ കെ മഹേശൻ, വെള്ളാപ്പള്ളി നടേശന് എഴുതിയ 32 പേജുള്ള കത്ത് മരണസ്ഥലത്തുനിന്നും പൊലീസിന് ലഭിച്ചിരുന്നു. മഹേശന്‍ നിരപരാധിയാണ്, അവന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നാണ് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു