കേരളം

ഒരു വാച്ചു വാങ്ങിയാൽ മറ്റൊന്ന് സൗജന്യം; ഓൺലൈൻ പർച്ചേഴ്സ് നടത്തിയ വ്യാപാരിക്ക് നഷ്ടമായത് ഒന്നരലക്ഷം രൂപ

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി; വമ്പൻ ഓഫർ കണ്ട് ഓൺലൈൻ സ്ഥാപനത്തിലൂടെ വാച്ച് വാങ്ങിയ കുമളിയിലെ വ്യാപാരിക്ക് മണിക്കൂറുകൾക്കുള്ളിൽ നഷ്ടമായത് ഒന്നര ലക്ഷത്തോളം രൂപ. 1899 രൂപയ്ക്ക് വാച്ച് വാങ്ങിയ വ്യാപാരിയാണ് തട്ടിപ്പിനിരയായത്. തന്ത്രപൂർവം അക്കൗണ്ട് വിവരങ്ങൾ ചോർത്തിയെടുത്ത ശേഷമാണ് പണം തട്ടിയത്. തുടർച്ചയായ ഇടപാടുകൾ നടക്കുന്നതു ശ്രദ്ധയിൽ പെട്ട് ബാങ്കിൽ നിന്നു വിളിച്ചതിനാൽ കൂടുതൽ പണം നഷ്ടമായില്ല.

1899 രൂപ മുടക്കി ഒരു റിസ്റ്റ് വാച്ച് വാങ്ങിയാൽ മറ്റൊരു വാച്ച് സൗജന്യം എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഇത് വിശ്വസിച്ച് ഓർഡർ നൽകി. എന്നാൽ കൊറിയർ വഴി സാധനം എത്തിയെങ്കിലും ഒരു വാച്ച് മാത്രമാണ് ഉണ്ടായിരുന്നത്. മാത്രമല്ല ഓർഡർ നൽകിയിരുന്ന വാച്ചല്ല കിട്ടിയത്. വ്യാപാരി ഓൺലൈൻ കമ്പനിയുടെ കസ്റ്റമർ കെയർ സെന്ററിലേക്ക് വിളിച്ചെങ്കിലും ഈ നമ്പർ നിലവിലില്ല എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് ഇവരുടെ ഓൺലൈൻ സൈറ്റിൽ കയറി കസ്റ്റമർ കംപ്ലെയ്ന്റ് കോർട്ടിൽ പരാതി നൽകി.

തുടർന്ന് ശനിയാഴ്ച രാവിലെ വ്യാപാരിയുടെ ഫോണിലേക്ക് കോൾ എത്തി. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു വിളിക്കുന്നതെന്നും അയച്ച പ്രോഡക്ട് ഇഷ്ടപ്പെടാത്തതിനാൽ പണം തിരികെ നൽകാൻ അക്കൗണ്ട് നമ്പർ ആവശ്യപ്പെട്ടു. പിന്നീട് ഇതേ ഫോണിൽ നിന്ന് വിളിച്ച് പണം അയയ്ക്കുകയാണെന്നും അക്കൗണ്ടിൽ പണം എത്തിയോ എന്നു പരിശോധിക്കാനും ആവശ്യപ്പെട്ടു. കുറച്ചു സമയത്തിനു ശേഷം വീണ്ടും വിളിച്ച് പണം അയയ്ക്കുന്നതിന് സാങ്കേതിക തടസ്സമുണ്ടെന്നും  ഓൺലൈൻ ലിങ്ക് അയച്ചുകൊടുക്കാമെന്നും ആ ലിങ്കിൽ കയറി അക്കൗണ്ട് വിവരങ്ങൾ നൽകാനും ആവശ്യപ്പെട്ടു. ഡെബിറ്റ്–ക്രെഡിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ അവയുടെ നമ്പർ കൊടുത്താൽ പണം തിരികെ നൽകാൻ എളുപ്പമായിരിക്കും എന്നും അറിയിച്ചു. ഈ ഫോൺവിളികൾക്കിടയിൽ വ്യാപാരിയുടെ മേൽവിലാസവും കാർഡിന്റെ സിസിവി നമ്പറും ഇവർ മനസ്സിലാക്കിയിരുന്നു. ഇതു ഉപയോ​ഗിച്ചാണ് തട്ടിപ്പ് നടത്തിയത്.

തുടർച്ചയായി ഇടപാടുകൾ നടത്തുന്നുണ്ടോയെന്നു ബാങ്കിന്റെ ഓഫിസിൽ നിന്ന് അന്വേഷണം വന്നതോടെയാണ് തട്ടിപ്പിന് ഇരയായ വിവരം വ്യാപാരിക്ക് മനസ്സിലായി. ഉടൻ തന്നെ ബാങ്ക് കാർഡുകൾ ബ്ലോക്ക് ചെയ്തു.  ഇതിനകം ഡെബിറ്റ് കാർഡിൽ നിന്ന് 57000 രൂപയും ക്രെഡിറ്റ് കാർഡിൽ നിന്ന് 80000 രൂപയും നഷ്ടമായിരുന്നു. വ്യാപാരി ഇതുസംബന്ധിച്ച് കുമളി പൊലീസിൽ പരാതി നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല