കേരളം

ഉറവിടമറിയാത്ത കോവിഡ് കേസുകളും സമ്പർക്കരോ​ഗികളും ധാരാളമെന്ന് കളക്ടർ; ചേർത്തല താലൂക്കിലെ  മുഴുവൻ പ്രദേശങ്ങളും അടച്ചിടും

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്ക് പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളും കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ ലോക്ക് ഡൗൺ നിലവിൽ വരുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ചേർത്തല താലൂക്കിൽ ഉറവിടം അറിയാത്ത ധാരാളം കോവിഡ് കേസുകളും സമ്പർക്കത്തിലൂടെ ഉള്ള രോഗബാധയും സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇത്. നിരവധി ആരോഗ്യ പ്രവർത്തകർക്കും സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ നൂറനാട്, പാലമേൽ, താമരക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളും ലാർജ് ക്ലസ്റ്റർ / കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു. ഇതുകൂടാതെ മാവേലിക്കര താലൂക്കിലെ ഐടിഡിപി ബറ്റാലിയനിലെ 50ലധികം ഉദ്യോഗസ്ഥർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയാൻ ഉള്ള അടിയന്തര നടപടികളുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ.

ഈ പ്രദേശങ്ങളിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിക്കും. അവശ്യവസ്തുക്കളുടെ വിതരണത്തിനും, അടിയന്തിര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി ഇളവുകൾ ഉണ്ടായിരിക്കും. ദേശീയപാതയിലൂടെയും, കായംകുളം - പുനലൂർ റോഡിലൂടെയും ഗതാഗതം അനുവദനീയമാണ്. എന്നാൽ നിയന്ത്രണങ്ങൾ ഉളള പ്രദേശങ്ങളിൽ റോഡുകളിലൂടെ യാത്ര ചെയ്യുന്നവർ ഇറങ്ങുവാനോ /കയറുവാനോ പാടുളളതല്ല.

അവശ്യ / ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മാത്രം രാവിലെ 8 മണി മുതൽ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങൾക്ക് (പി.ഡി.എസ്.) രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും പ്രവർത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേർ എത്താൻ പാടില്ല. മറ്റ് സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല

ഈ പ്രദേശങ്ങളിൽ യാതൊരു കാരണവശാലും നാലിലധികം ആളുകൾ കൂട്ടംകൂടാൻ പാടില്ല. പൊലീസ് നിരീക്ഷണവും തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും ആരോഗ്യവിഭാഗത്തിന്റെയും നിരീക്ഷണവും ശക്തമാക്കും.ഇവിടെ താമസിക്കുന്നവർക്ക് പുറത്തുനിന്ന് അവശ്യ വസ്തുക്കൾ ആവശ്യമായി വരുന്നപക്ഷം പൊലീസ് / വാർഡ് ആർ.ആർ.റ്റി കളുടെ സേവനം തേടാവുന്നതാണ്.

ഈ പ്രദേശങ്ങളിലെ ആരാധാനാലയങ്ങൾ തുറക്കാൻ പാടില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് പരമാവധി 20 പേർക്ക് മാത്രം പങ്കെടുക്കാം.

കോവിഡ് 19 രോഗനിർവ്യാപന പ്രവർത്തനവുമായി നേരിട്ട് ബന്ധമുള്ള സർക്കാർ ഓഫീസുകൾ മാത്രം അവശ്യജീവനക്കാരെ വച്ച് പ്രവർത്തിപ്പിക്കാം. പൊലീസ്, ട്രഷറി, പെട്രോളിയം, എൽ.പി.ജി, പോസ്റ്റോഫീസുകൾ എന്നിവയ്ക്കും നിയന്ത്രണമാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം. ഈ പ്രദേശങ്ങളിലെ മുഴുവൻ വാർഡുതല ജാഗ്രതാസമിതികളും അടിയന്തിരമായി കോവിഡ് 19 നിർവ്യാപന /നിരീക്ഷണ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം നല്കി. ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും IPC സെക്ഷൻ 188, 269 പ്രകാരവും നിയമനടപടികൾ സ്വീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ