കേരളം

രോഗബാധിതരില്‍ 60ശതമാനം പേരും ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം അതിരൂക്ഷമാകുമ്പോള്‍,  ലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലെ വര്‍ദ്ധനവ് ആശങ്കയുയര്‍ത്തുന്നു. കോവിഡ് സ്ഥിരീകരിച്ച 60 ശതമാനം ആളുകളിലും പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. വ്യാഴാഴ്ച 623പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍, 432പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്. ഇതില്‍ 37പേര്‍ക്ക് എവിടെനിന്നാണ് പകര്‍ന്നതെന്ന് കണ്ടെത്താനായിട്ടില്ല.

പ്രകടമായ ലക്ഷണങ്ങളില്ലാതെ കോവിഡ് സ്ഥിരീകരിക്കുന്നത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമല്ലാത്ത സാഹചര്യത്തിലേക്ക് കൊണ്ടെത്തിച്ചേക്കാം എന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സൂപ്പര്‍ സ്‌പ്രെഡ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

കോവിഡ് വായു വഴി പകരും എന്നതിനുള്ള തെളിവുകളും പുറത്തുവന്ന സാഹചര്യത്തില്‍ സാമൂഹ്യ അകലം ഉറപ്പുവരുത്താന്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോകക്ടര്‍ അനൂപ് കുമാര്‍ എ എസ് പറയുന്നു. ചെറിയ വായു സഞ്ചാരമുള്ള മുറികളില്‍ പരിപാടികള്‍ നടത്തുന്നത് സര്‍ക്കാര്‍ തടയണമെന്നും ഡോക്ടര്‍ അനൂപ് കുമാര്‍ പറഞ്ഞു.

'ആരില്‍ നിന്നും രോഗം പകരാം' എന്ന പ്രധാന ജാഗ്രതാ നിര്‍ദേശം പൊതുജനങ്ങള്‍ക്ക് നല്‍കുന്നുവെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. രോഗലക്ഷണമുള്ളവരെ തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ അങ്ങനെ ലക്ഷണങ്ങളില്ലാത്തവരെ തിരിച്ചറിയാനാവില്ല. ആരില്‍നിന്നും രോഗം പകരാം എന്ന ജാഗ്രതാ നിര്‍ദേശം ഇതിന്റെ ഭാഗമാണ്. നമ്മള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന മാര്‍ക്കറ്റുകള്‍, തൊഴിലിടങ്ങള്‍, വാഹനങ്ങള്‍, ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന് ആരില്‍നിന്നും ആര്‍ക്കും രോഗം വരാം. ഒരാളില്‍നിന്ന് ചുരുങ്ങിയത് രണ്ട് മീറ്റര്‍ അകലം പാലിച്ചുകൊണ്ട് സ്വയം സുരക്ഷിതരായിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ടു മീറ്റര്‍ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഈ സുരക്ഷിത വലയത്തില്‍ നിന്നുകൊണ്ട് മാസ്‌ക് ധരിക്കുകയും കൈകള്‍ സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് അണുമുക്തമാക്കാനുമാകണം. ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കരുത്. മരണം കുറയ്ക്കാനായത് നമ്മുടെ ജാഗ്രത മൂലമാണ്. അതുകൊണ്ട് ജാഗ്രതക്ക് ജീവന്റെ വിലയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു