കേരളം

ഇടുക്കി അണക്കെട്ട് ഈ വർഷം തുറക്കേണ്ടി വരില്ല; ഹൈക്കോടതിയിൽ കെഎസ്ഇബി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അണക്കെട്ടുകള്‍ തുറന്നതുകൊണ്ടല്ല അതിവര്‍ഷം മൂലമാണ് കേരളത്തിൽ പ്രളയം സംഭവിച്ചതെന്ന് ആവർത്തിച്ച് കെഎസ്ഇബി. ഹൈക്കോടതിയിലാണ് കെഎസ്ഇബി ഇക്കാര്യം വ്യക്തമാക്കിയത്. കാലാവസ്ഥ പ്രവചനങ്ങള്‍ പ്രകാരം ഈ വര്‍ഷം ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരില്ലെന്നും കെഎസ്ഇബി ഹൈക്കോടതിയെ അറിയിച്ചു.

അണക്കെട്ടുകളിലെ ജല നിരപ്പ് ആശങ്കാജനകമാം വിധം ഉയരുന്നു. അത് ക്രമപ്പെടുത്തണം എന്ന ആവശ്യമുന്നയിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതൊരു ഹര്‍ജിയായി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. തുടർന്നായിരുന്നു കെഎസ്ഇബി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. 

ഇടുക്കി അണക്കെട്ട് ഈ വര്‍ഷം തുറക്കേണ്ടി വരില്ലെന്ന് സത്യവാങ്മൂലത്തിൽ കെഎസ്ഇബി വ്യക്തമാക്കി. കാലാവസ്ഥ പ്രവചനങ്ങള്‍ പ്രകാരം ജൂണ്‍ ഒന്നിന് 23 ശതമാനം വെള്ളമാണ് ഇടുക്കി അണക്കെട്ടില്‍ ഉള്ളത്. ഇത് സാധാരണ നിലയേക്കാള്‍ 30 അടി കുറവാണ്. അതുകൊണ്ടുതന്നെ ഇടുക്കി അണക്കെട്ടിലെ ജല നിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും കെഎസ്ഇബി ഹൈക്കോടതിയെ അറിയിച്ചു.

2018ലെ പ്രളയം സംഭവിച്ചത് അതിവര്‍ഷം മൂലമാണ്. അണക്കെട്ടുകള്‍ തുറന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന വാദം ശരിയല്ല. 2018ല്‍ ശരാശരിയേക്കാള്‍ 168 ശതമാനം അധികം മഴ ലഭിച്ചുവെന്നുംകെഎസ്ഇബി പറയുന്നു. 

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഈ വര്‍ഷം സംസ്ഥാനത്ത് പ്രളയമുണ്ടാകുമെന്നതടക്കമുള്ള വാദങ്ങള്‍ക്ക് ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍