കേരളം

1000 രൂപ വാങ്ങിയ അനർഹരെ ബിപിഎൽ പട്ടികയിൽ നിന്ന് പുറത്താക്കും; കൈപ്പറ്റിയ തുക തിരിച്ചുപിടിക്കുമെന്ന് തോമസ് ഐസക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് ബിപിഎൽ വിഭാഗത്തിൽ കടന്നു കൂടിയ അനർഹരെ ഉടൻ കണ്ടെത്താനും ഇവർ വാങ്ങിയ സൗജന്യ റേഷന്റെ തുക തിരികെ പിടിക്കാനും നിർദേശം നൽകിയതായി ധനമന്ത്രി ടിഎം തോമസ് ഐസക്.  കോവിഡ് ധനസഹായമായി 1000 രൂപ വാങ്ങിയ ഒട്ടേറെ ബിപിഎല്ലുകാർ അനർഹരാണെന്ന പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ബിപിഎൽ കാർഡ് ഉടമകളായതിനാലാണ് ഇവർക്കു 1000 രൂപ നൽകിയത്. എന്നാൽ, ഇവർ സമ്പന്നരാണെന്ന പരാതിയാണു ലഭിച്ചിരിക്കുന്നത്. ഇവരെ ബിപിഎൽ പട്ടികയിൽ നിന്നു പുറത്താക്കുന്നതിനൊപ്പം കൈപ്പറ്റിയ 1000 രൂപ തിരികെ പിടിക്കും. 1000 രൂപ സഹായ വിതരണത്തിനുള്ള തീയതി 15 വരെ നീട്ടി.

1000 രൂപ ലഭിച്ചവരിൽ ചിലർ നേരത്തേ ക്ഷേമനിധിയിൽ നിന്നും മറ്റുമായി നേരത്തെ സഹായം ലഭിച്ചവരാണെന്ന പരാതിയുമുണ്ട്. മറ്റൊരു സഹായവും കൈപ്പറ്റിയിട്ടില്ല എന്ന സത്യവാങ്മൂലം വാങ്ങിയ ശേഷമാണ് ഇവർക്ക് 1000 രൂപ കൈമാറിയത്. ഇത് അസത്യമെങ്കിൽ പരിശോധിച്ച് നടപടി സ്വീകരിക്കും.

അർഹരായ  പലരുടെയും പേര് പട്ടികയിലില്ലെന്നും പരാതിയുണ്ട്. റേഷൻ കാർഡ് വിവരം ശേഖരിച്ചപ്പോൾ എവിടെയാണോ താമസിച്ചിരുന്നത് ആ മേൽവിലാസത്തിലാണ്  തുക വിതരണം ചെയ്യുന്നത്.

ഇപ്പോൾ താമസം മാറിയവർ റേഷൻ കാർഡിലെ മേൽവിലാസത്തിലെ  സ്ഥലത്തെ റേഷൻകടയിലോ തദ്ദേശ സ്ഥാപനത്തിലോ സഹകരണ ബാങ്കിലോ ആണ് അന്വേഷിക്കേണ്ടത്. ഇതുവരെ ഒരു ആനുകൂല്യവും കിട്ടാത്ത ചിലരുടെ പേരുകൾ ഈ പട്ടികയിലും ഉൾപ്പെട്ടിട്ടില്ലെങ്കിൽ റേഷൻ കാർഡിന്റെ ആദ്യ പേജ്, ആധാർ കാർഡിന്റെ പകർപ്പ്,  താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിന്റെ പേര് എന്നിവ സഹിതം ഒരു പരാതി തന്റെ ഓഫിസിലേക്കു അയച്ചാൽ പരിഹാരം കാണും– മന്ത്രി പറഞ്ഞു. ഇമെയിൽ വിലാസം min.fin@kerala.gov.in.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം