കേരളം

ആറു മാസം കൊണ്ട് രണ്ടു ലക്ഷം പേര്‍, ഓഗസ്റ്റ് അവസാനം 18,000 പോസിറ്റിവ് കേസുകള്‍; കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ആറു മാസം കൊണ്ട് രണ്ടു ലക്ഷത്തില്‍ എത്തിയേക്കാമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഓഗസ്റ്റ് അവസാനത്തോടെ 18,000 പോസിറ്റിവ് ആവും. 150 മരണങ്ങളും ഈ കാലയളവില്‍ പ്രതീക്ഷിക്കണമെന്ന് വകുപ്പ് കണക്കുകൂട്ടുന്നതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വിദേശത്തുനിന്നു വരുന്നവരും സമ്പര്‍ക്കത്തില്‍ ഉള്ളവരും ചേര്‍ന്ന് 18,000 പേര്‍ക്ക് ഓഗസ്റ്റ് അവസാനത്തോടെ കോവിഡ് സ്ഥിരീകരിക്കും.  ഇവരില്‍ 150 പേരെങ്കിലും മരിക്കാനിടയുണ്ടെന്ന് വകുപ്പു കണക്കു കൂട്ടുന്നു. വിദേശത്തുനിന്നു വരുന്നവരിലെ വൈറസ് ബാധിതകരുടെ നിരക്കും സമ്പര്‍ക്കത്തില്‍പ്പെട്ട് രോഗികളാവുന്നവരുടെ ശരാശരിയുമെല്ലാം കണക്കിലെടുത്താണ് വകുപ്പ് വിലയിരുത്തല്‍ തയാറാക്കിയിട്ടുള്ളത്.

ദിവസം ആയിരം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരും എന്നതാണ് വകുപ്പ് പ്രതീക്ഷിക്കുന്ന ഏറ്റവും രൂക്ഷമായ സാഹചര്യം. വൈറസ് ബാധിതര്‍ ആവുന്നതില്‍ രണ്ടു ശതമാനത്തിന് ശരാശരി പത്തു ദിവസം ആശുപത്രിയില്‍ കഴിയേണ്ട സ്ഥിതി വന്നാല്‍ പ്രതിസന്ധിയുണ്ടാവില്ല. എന്നാല്‍ ഏഴര ശതമാനത്തിന് 21 ദിവസം വീതം ആശുപത്രിയില്‍ കഴിയേണ്ടി വരിക, പത്തു ശതമാനത്തിന് 28 ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വരിക എന്നിങ്ങനെയുള്ള അവസ്ഥകള്‍ സംജാതമായാല്‍ സ്ഥിതി ഗുരുതരമാവുമെന്ന് വകുപ്പ് വിലയിരുത്തുന്നു.

ക്വാറന്റൈന്‍ ശക്തമാക്കുക, ബ്രെയ്ക്ക് ദ ചെയിന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയവയാണ് കാര്യങ്ങള്‍ നിയന്ത്രണത്തില്‍ കൊണ്ടുപോവാന്‍ വകുപ്പ് നിര്‍ദശിക്കുന്നത്. റിവേഴ്‌സ് ക്വാറന്റൈന്‍ കൂടുതല്‍ ഫലപ്രദമാക്കുക, ടെസ്റ്റുകള്‍ കൂട്ടുക എന്നിവയും വകുപ്പ് നിര്‍ദേശിക്കുന്നുണ്ട്. വലിയ സങ്കീര്‍ണതകളില്ലാത്ത കേസുകള്‍ പത്തു ദിവസത്തിനു ശേഷം ഡിസ്ചാര്‍ജ് ചെയ്ത് ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും വകുപ്പ് നിര്‍ദേശിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്