കേരളം

തിരുവനന്തപുരത്ത് വ്യാപാരസ്ഥാപനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; പച്ചക്കറി കടകള്‍ ആഴ്ചയില്‍ നാലുദിവസം മാത്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം. വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വ്യാപാരികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിച്ചതായി മേയര്‍ ശ്രീകുമാര്‍ അറിയിച്ചു. നഗരസഭയിലെ പാളയം, ചാല മാര്‍ക്കറ്റിലെ വ്യാപാരികളുമായാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ ചര്‍ച്ച നടത്തിയത്.

പച്ചക്കറി പഴവര്‍ഗ കടകള്‍ തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കാം. ഞായര്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അടച്ചിടും. മീന്‍ കടകളില്‍ പകുതി എണ്ണത്തിന് മാത്രം ഒരു ദിവസം പ്രവര്‍ത്തിക്കാം. ഇപ്പോള്‍ മീന്‍ വില്‍ക്കുന്നവരില്‍ 50 ശതമാനം പേര്‍ മാത്രം വില്‍പ്പനയ്ക്ക് എത്തിയാല്‍ മതി.

മീന്‍ വില്‍പ്പനയ്ക്ക് മാര്‍ക്കറ്റില്‍ കോണ്‍ട്രാക്റ്റ് എടുത്തിട്ടുള്ളവര്‍ കച്ചവടക്കാര്‍ക്ക് ടോക്കണ്‍ നല്‍കി, വില്‍പ്പനക്കാരുടെ എണ്ണം നിയന്ത്രിക്കണം. രണ്ടു ചന്തകളിലെയും പലചരക്ക് ഉള്‍പ്പെടെയുള്ള എല്ലാ കടകള്‍ക്കും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. മറ്റു ഷോപ്പുകളും ഒന്നിവിട്ട ദിവസങ്ങളില്‍ തുറക്കാം.

മാസം വില്‍പ്പന നടത്തുന്ന കടകള്‍ രാവിലെ 11 വരെയാകും പ്രവര്‍ത്തിക്കുക. കോഴി ഇറച്ചി വില്‍ക്കുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും തുറക്കാം. മാര്‍ക്കറ്റുകളില്‍ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിനായി കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗവും പൊലീസും ചേര്‍ന്ന് പ്രവേശനകവാടത്തില്‍ പരിശോധന ഏര്‍പ്പെടുത്തും.

മാളുകളില്‍ തിരക്ക് ഒഴിവാക്കുന്നതിനായി ആവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിച്ചുകൊടുക്കാന്‍ കോര്‍പ്പറേഷന്‍ മാള്‍ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ച മാളുകളുടെ അവധി ദിവസങ്ങളായ ഞായര്‍, ചൊവ്വ, വ്യാഴം എന്നിവ ഹോം ഡെലിവറിക്കായി ഉപയോഗിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. മാളുകളില്‍ എത്തുന്നവര്‍ കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു