കേരളം

നാട്ടകത്ത് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ കാണാതായ ജിഷ്ണു ഹരിദാസിന്റേത് ; മൊബൈല്‍ ഫോണുകള്‍ നിര്‍ണായകമായി ; ദുരൂഹത

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം നാട്ടകത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കാട് നീക്കുന്നതിനിടെ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ വൈക്കം വെച്ചൂരില്‍ നിന്നും കാണാതായ ജിഷ്ണു ഹരിദാസിന്റേതെന്ന് തിരിച്ചറിഞ്ഞു. ബന്ധുക്കള്‍ ജിഷ്ണുവിന്റെ വസ്ത്രങ്ങളും ചെരുപ്പും തിരിച്ചറിഞ്ഞു. കുമരകത്തെ ബാറിലെ ജീവനക്കാരനായ ജിഷ്ണു ഹരിദാസിനെ ജൂണ്‍ മൂന്ന് മുതലാണ് കാണാതായത്.

നാട്ടകം മറിയപള്ളിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കാട് നീക്കുന്നതിനിടെയായിരുന്നു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രണ്ട് മൊബൈല്‍ ഫോണുകള്‍, വസ്ത്രം, ചെരുപ്പ് എന്നിവ പരിശോധിച്ചാണ് മൃതദേഹം ജിഷ്ണുവിന്റേത് എന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. എസ്പിസിഎസ് വക ഭൂമിയില്‍ എംസി റോഡില്‍ നിന്ന് 200 മീറ്റര്‍ മാത്രം മാറിയായിരുന്നു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടത്.  

കുമരകം ആശിര്‍വാദ് ബാറിലെ ജീവനക്കാരനായിരുന്നു ജിഷ്ണു. ജൂണ്‍ മൂന്നിന് രാവിലെ എട്ടിന് വീട്ടില്‍ നിന്നിറങ്ങിയ ജിഷ്ണു സൈക്കിള്‍ ശാസ്തക്കുളത്തിന് സമീപം വെച്ച് ബസില്‍ കുമരകത്തേക്ക് തിരിച്ചു. യാത്രക്കിടെ ബാറില്‍ ജീവനക്കാരനായ സുഹൃത്തിനെ വിളിച്ചിരുന്നു. എട്ടേമുക്കാലോടെ ജിഷ്ണുവിന്റെ ഫോണ്‍ ഓഫായി പിന്നീട് യാതൊരു വിവരവുമില്ല. രാത്രി ഏഴ് മണിയോടെ ബാര്‍ മാനേജരടക്കം നാലുപേര്‍ ജിഷ്ണുവിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോളാണ് മാതാപിതാക്കള്‍ വിവരം അറിഞ്ഞത്. രാത്രി തന്നെ അന്വേഷണം ആരംഭിച്ച വൈക്കം പൊലീസിന് 20 ദിവസത്തിലേറെ കഴിഞ്ഞിട്ടും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ജിഷ്ണു ആത്മഹത്യ ചെയ്യില്ലെന്നും ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.  ജിഷ്ണുവിന്റെ കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടതായും ബന്ധുക്കള്‍ പറഞ്ഞു. വിശദ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ കുടുംബം എസ്പിക്ക് പരാതി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല