കേരളം

പൊന്നാനി താലൂക്ക് പൂര്‍ണമായി അടച്ചിടും, 1500 പേര്‍ക്ക് പരിശോധന; മലപ്പുറത്ത് കടുത്ത നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:  എടപ്പാടില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മലപ്പുറത്ത് കടുത്ത നിയന്ത്രണം. പൊന്നാനി താലൂക്ക് പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കാന്‍ ജില്ലാ ഭരണകൂടം ശുപാര്‍ശ ചെയ്തു. താലൂക്കില്‍ 1500 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഏറ്റവുമധികം ആളുകള്‍ എത്തുന്ന ജില്ലയാണ് മലപ്പുറം. അതുകൊണ്ട് തന്നെ ജാഗ്രത തുടരേണ്ടതുണ്ട്. നിലവില്‍ കോവിഡ് രോഗികളെ സര്‍ക്കാര്‍ ആശുപത്രികളിലാണ് ചികിത്സിക്കുന്നത്. സ്വകാര്യ ആശുപത്രികളുടെ കൂടി സേവനം തേടേണ്ടതുണ്ട്. ലാബ് അടക്കം സൗകര്യമുളള നിരവധി ആശുപത്രികള്‍ ജില്ലയിലുണ്ട്. കോവിഡ് ചികിത്സയ്ക്ക ഈ ആശുപത്രികളെ കൂടി പ്രയോജനപ്പെടുത്തുന്നതിന് ഐസിഎംആറിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. അതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി ജലീല്‍ പറഞ്ഞു.

218 പേരാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്. 233 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. മികച്ച നിലയില്‍ തന്നെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. നിലവില്‍ പൊന്നാനി മുനിസിപ്പാലിറ്റി, മാറഞ്ചേരി, വട്ടംക്കുളം, എടപ്പാള്‍, ആലങ്കോട് പഞ്ചായത്തുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നത്. ഇതൊടൊപ്പം തവനൂര്‍, കാലടി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംക്കോട് എന്നിവ കൂടി ഉള്‍പ്പെടുത്തി പൊന്നാനി താലൂക്ക് ഒന്നടങ്കം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതായി മന്ത്രി പറഞ്ഞു.  

എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടു ഡോക്ടര്‍മാരുടെയും കൂടി സമ്പര്‍ക്കപ്പട്ടികയിലുള്ളത് 20,000ത്തിലധികം പേരാണ്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ കൈമാറിയ പട്ടികയിലെ മാത്രം കണക്കാണിത്. ജില്ലയില്‍ രണ്ടുദിവസങ്ങളിലായി സമ്പര്‍ക്കത്തിലൂടെ 16 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ശിശുരോഗ വിദഗ്ധന്റെ പട്ടികയില്‍ ഒ.പി.യില്‍ എത്തിയ രോഗികളും ബന്ധുക്കളുമടക്കം 10,000 പേരും ഐ.പി.യിലുള്ളത് 160 പേരുമാണ്. രണ്ടാമത്തെ ഡോക്ടറായ ഫിസിഷ്യന്‍ ഒ.പിയിലും ഐ.പിയിലുമായി ബന്ധപ്പെട്ടത് 5,500 പേരുമായാണ്.
 
ജൂണ്‍ അഞ്ചിനുശേഷം ഇവരെ കണ്ടവരുടെ പട്ടികയാണിത്. ഇതില്‍ കുട്ടികളുടെ ഡോക്ടറുടെ പട്ടികയില്‍ നവജാതശിശുക്കള്‍ വരെയുണ്ട്.
ഇവര്‍ക്കൊപ്പമുള്ള ബന്ധുക്കളുടെ കണക്ക് വേറെയാണ്.

പട്ടിക പരിശോധിച്ച് എല്ലാവരെയും ബന്ധപ്പെട്ട് വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. നിരന്തര നിരീക്ഷണത്തിലൂടെ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സ നല്‍കാനും ഇവരില്‍ 1000 പേരെ രണ്ടുദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഈ രണ്ട് ആശുപത്രികളും അടച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത