കേരളം

മുന്നിൽ കലി തുള്ളി കാട്ടാന ; അമ്മയെ രക്ഷിക്കാൻ ആനയുടെ മുന്നിലൂടെ ഓടി മകന്റെ 'സാഹസം' ; ഓട്ടോ തകർത്ത് 'കലിപ്പടക്കി'

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : കാട്ടാനയ്ക്ക് മുന്നിൽ അകപ്പെട്ട അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. ശബരിമല വനാതിർത്തിയിലെ ജനവാസമേഖലയായ എഴുകുമൺ വനംവകുപ്പ് ഓഫീസിന് സമീപമാണ് സംഭവം. അഴുതയാറ്റിൽ കുളിക്കാനും തുണി നനയ്ക്കാനും ഓട്ടോറിക്ഷയിലെത്തിയ അമ്മയും മകനുമാണ് കാട്ടാനയുടെ മുൻപിൽപ്പെട്ടത്. എഴുകുംമൺ പൊടിപ്പാറയിൽ മനോജ് (35), അമ്മ ഓമന (60) എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഞായറാഴ്ച രാവിലെയാണ് സംഭവം.  അഴുതയാറ്റിൽ കുളിക്കാനും തുണി നനയ്ക്കാനുമാണ് മൂക്കംപെട്ടി ജങ്ഷനിൽ ഓട്ടോറിക്ഷാ ഓടിക്കുന്ന മനോജും അമ്മ ഓമനയുമെത്തിയത്. വളകുഴി കടവിലേക്കിറങ്ങാൻ റോഡരികിൽ ഓട്ടോറിക്ഷ നിർത്തിയപ്പോഴാണ് ആന എത്തിയത്. ഓട്ടോറിക്ഷയ്ക്കു നേരേ ആന പാഞ്ഞുചെല്ലുകയായിരുന്നു. 

പേടിച്ചരണ്ട ഓമനയ്ക്ക് ഓട്ടോറിക്ഷയിൽനിന്ന്‌ ഇറങ്ങാനായില്ല. പ്രായത്തിന്റെ അവശതകളും ഉണ്ടായിരുന്നു. അമ്മയെ രക്ഷിക്കാൻ മനോജ്, കൈയിലുണ്ടായിരുന്ന തോർത്തുമായി ഓട്ടോയിൽ നിന്നിറങ്ങി ആനയുടെ മുന്നിലൂടെ ഓടി. ഇതോടെ, മനോജിന് പിന്നാലെയായി ആനയുടെ ഓട്ടം. ഒരു കിലോമീറ്ററോളം ഓടി. ആന മാറിയതോടെ ഓമന ഓട്ടോറിക്ഷയിൽനിന്ന് ഇറങ്ങിയോടി. എന്നാൽ, തിരികെയെത്തിയ ആന ഓട്ടോറിക്ഷ കുത്തിമറിച്ചു.

നാട്ടുകാരും വനപാലകരും ചേർന്ന് ശബ്ദമുണ്ടാക്കി ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഒന്നരമണിക്കൂറിന് ശേഷമാണ് അത് കാടിനുള്ളിലേക്ക് പോയത്. ആന രണ്ടുദിവസമായി അഴുതക്കടവിന്റെ പരിസരങ്ങളിലുണ്ട്. എഴുകുമണ്ണിലെത്തിയിട്ട് 40 വർഷമായെങ്കിലും ഇങ്ങനെ ഒരു അനുഭവം ആദ്യമാണെന്നും, മകന്റെ ധൈര്യവും ദൈവത്തിന്റെ അനുഗ്രഹവുംമൂലമാണ് ജീവൻ തിരിച്ചുകിട്ടിയതെന്നും ഓമന പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

എസ്ബിഐയില്‍ തൊഴിലവസരം, 12,000 പേരെ നിയമിക്കും; 85 ശതമാനവും എന്‍ജിനീയറിങ് ബിരുദധാരികള്‍

ലയങ്ങളില്‍ സുരക്ഷിതമായി ഉറങ്ങാനുള്ള സാഹചര്യം ഉറപ്പാക്കും; തോട്ടം മേഖലയില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കി തൊഴില്‍ വകുപ്പ്

കണ്ടാല്‍ ബിസിനസുകാരന്‍!; 110 ദിവസത്തിനിടെ 200 വിമാനയാത്രകള്‍; ഒടുവില്‍ കുടുങ്ങി

'മേലാള മനോഭാവങ്ങളുടെ പഴകി നാറുന്ന ഭാണ്ഠക്കെട്ടുകൾ; ഗുരുത്വമുള്ള മകനേ, നന്നായി വരട്ടെ'