കേരളം

'ഡോ ഷിനു ശ്യാമളന്‍ വിവരങ്ങള്‍ മറച്ചുവെച്ചു', പൊലീസ് കേസെടുത്തു; ചാനലിനെതിരെയും നടപടിയുണ്ടാകുമെന്ന് കലക്ടര്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍; കൊവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചതിന് ഡോക്ടര്‍ ഷിനു ശ്യാമളനെതിരെ കേസെടുത്തു. തൃശൂര്‍ ഡിഎംഒയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചതോടെയാണ് ഡിഎംഒ പരാതി നല്‍കിയത്. ഷിനു ശ്യാമളനെതിരേ രൂക്ഷ വിമര്‍ശനവുമായി കലക്ടര്‍ എസ് ഷാനവാസ് രംഗത്തെത്തിയിരുന്നു. 

സമൂഹത്തില്‍ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചെന്ന കുറ്റം ചുമത്തിയാണ് വാടാനപ്പള്ളി പൊലീസ് ഷിനുവിനെതിരെ കേസെടുത്തത്. ഐപിസി 505 , കെപി ആക്ട് 120 ( ഒ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. രണ്ടു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കൊവിഡ് ലക്ഷണമുള്ള രോഗി ചികിത്സക്ക് എത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവര്‍ വേണ്ട നടപടി കൈക്കൊണ്ടില്ല എന്നായിരുന്നു ഷിനു ശ്യാമളന്റെ ആരോപണം. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഷിനു ശ്രമിച്ചത് എന്നാണ് ഡിഎംഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ആരോഗ്യ വകുപ്പിനും ഉദ്യോഗസ്ഥര്‍ക്കുമെതിരേ തെറ്റായ പ്രചരണം നടത്തിയതിന്റെ പേരില്‍ ഡോ. ഷിനുവിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ ആരോഗ്യവകുപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരിപാടി സംപ്രേഷണം ചെയ്ത ചാനലിനെതിരേയും നടപടിയുണ്ടാകുമെന്നും ഷാനവാസ് പറഞ്ഞു. ഇതു സംബന്ധിച്ച് ഡിഎംഒ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 

കൊറോണക്കെതിരേ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും അഹോരാത്രം പ്രയത്‌നിക്കുന്ന സമയത്ത് ചാനല്‍ പരിപാടിയിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഡോക്ടര്‍ ശ്രമിച്ചത് എന്നാണ് ഡിഎംഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനുവരി 31 നാണ് യുവാവ് ഖത്തറില്‍ നിന്ന് നാട്ടിലെത്തിയത്. ഇന്‍കുബേഷന്‍ കാലാവധി ഫെബ്രുവരി 14ന് അവസാനിച്ചിരുന്നു. 28 ദിവസമെന്ന ക്വാറന്റൈന്‍ കാലാവധിയും കഴിഞ്ഞ് 10 ദിവസം പിന്നിട്ടപ്പോഴാണ് ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയത്. എന്നാല്‍ ജാഗ്രത കാണിക്കാതെ വിദേശത്ത് നിന്നെത്തിയ ആള്‍ എന്ന നിലയില്‍ കോവിഡ് 19 ആണെന്ന തെറ്റായ നിഗമനത്തില്‍ എത്തുകയായിരുന്നു. 

ഖത്തറിലേക്ക് മടങ്ങിയെത്തിയ ശേഷം യുവാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നു പറയുന്നത് കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. വിദേശത്ത് നിന്നെത്തുന്ന എല്ലാവരും ഖത്തര്‍ 14 ദിവസത്തെ നിര്‍ബന്ധിത കൈ്വറന്റൈന്‍ ഉറപ്പാക്കുന്നുണ്ട്. ഡോ ഷിനു അറിയിച്ചതിനെ തുടര്‍ന്ന് ഡിഎംഒ യുവാവിനെ കണ്ടെത്തിയിരുന്നു. ഇത് ഷിനുവിനെ അറിയിച്ചതുമാണ്. എന്നാല്‍ ഇത് മറച്ചുവെച്ചുകൊണ്ടാണ് ഷിനുവും ചാനല്‍ അവതാരകനും അരോഗ്യവകുപ്പിന് അവമതിപ്പുണ്ടാകുന്ന വിധം പ്രചരണം നടത്തിയതെന്ന് കലക്ടര്‍ കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു