കേരളം

ബുള്‍സ് ഐ കഴിക്കരുത്; മാംസം പ്രഷര്‍ കുക്കറില്‍ വേവിക്കുക; പക്ഷിപ്പനിയെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്



 
കോഴിക്കോട് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി അധികൃതര്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പക്ഷിപ്പനി സാധാരണഗതിയില്‍ പക്ഷികളെ മാത്രം ബാധിക്കുന്ന വൈറല്‍ രോഗമാണെങ്കിലും വളരെ  അപൂര്‍വ്വമായി ചില പ്രത്യേക അനുകൂല സാഹചര്യങ്ങളില്‍ മാത്രം മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ശാസ്ത്രീയമായ മാര്‍ഗ്ഗരേഖ പ്രകാരം കോഴിക്കോട് ജില്ലയിലെ രോഗബാധ പ്രഭവ കേന്ദ്രത്തിന്  ഒരു കി.മീ ചുറ്റളവിലുളള സ്ഥലത്തെ പക്ഷികളെ ഉന്‍മൂലനം ചെയ്തുകൊണ്ട് വൈറസിന്റെ ആവാസവ്യവസ്ഥ ഇല്ലാതാക്കി രോഗം പുറത്തേക്ക് വ്യാപിക്കുന്നത് തടയുകയും വൈറസിനെ രോഗബാധയുടെ ഉറവിടത്തില്‍ത്തന്നെ നശിപ്പിക്കുകയും ചെയ്യുകയെന്ന പ്രാഥമിക രോഗനിയന്ത്രണ നടപടിയാണ് നടന്നുവരുന്നത്. 
 
പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍. 

ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതും

1.ചത്തതോ  രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടനക്കിളികളെയോ ഇവയുടെ കാഷ്ഠമോ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാല്‍ അതിനു മുന്‍പും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ കഴുകി വൃത്തിയാക്കണം.

2.രോഗത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ളതോ രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോള്‍ കൈയുറയും മാസ്‌കും ധരിക്കണം.  

3. കോഴികളുടെ മാംസം കൈകാര്യം ചെയ്യുന്നതിന് മുന്‍പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം.

4. മുട്ട, മാംസം എന്നിവ  പ്രഷര്‍കുക്കറില്‍ പാചകം ചെയ്ത് മാത്രം ഉപയോഗിക്കുക.

5. നിങ്ങളുടെ തൊട്ടടുത്ത് അസാധാരണമാം വിധം  പക്ഷികളുടെ കൂട്ടമരണം ശ്രദ്ധയില്‍പെട്ടാല്‍ അടുത്തുള്ള മൃഗസംരക്ഷണവകുപ്പ്  സ്ഥാപനത്തില്‍ അറിയിക്കുക.

6. പക്ഷികളെ കൈകാര്യം ചെയ്തശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാല്‍ അടുത്തുള്ള  ഡോക്ടറെ ബന്ധപെടുക.

7. വ്യക്തിശുചിത്വം  പാലിക്കുക.

8. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വളര്‍ത്തുപക്ഷികളോ അന്യ പക്ഷികളോ വീടുനുളളില്‍ പ്രവേശിക്കുകയോ കാഷ്ഠിക്കുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക. വളര്‍ത്തുപക്ഷികളുമായുളള അടുത്ത സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക.

9. ഉയര്‍ന്ന അന്തരീക്ഷോഷ്മാവുളള കാലാവസ്ഥയായതിനാല്‍ വളര്‍ത്തുപക്ഷികള്‍ക്ക് ആവശ്യത്തിന് ശുദ്ധജലവും തണലും തുറസ്സായ വായുസഞ്ചാരമുളള കൂടും ഉറപ്പാക്കുക.


10. ജലസ്രോതസ്സുകളും ജലസംഭരണികളും ശുദ്ധിയാക്കി സൂക്ഷിക്കുകയും മറ്റു പക്ഷികള്‍ അശുദ്ധമാക്കാതെ വലകളും മൂടികളുമുപയോഗിച്ച് സംരക്ഷിക്കുകയും ചെയ്യുക.
 

11. രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിതപ്രദേശങ്ങള്‍ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.

12. എല്ലാ പക്ഷിമരണങ്ങളും പക്ഷിപ്പനിമൂലമാകണമെന്നില്ല. ഉയര്‍ന്ന അന്തരീക്ഷോഷ്മാവുളള കാലാവസ്ഥയായതിനാല്‍ കാക്കകളോ മറ്റു പക്ഷികളോ നിര്‍ജ്ജലീകരണം മൂലം മരണപ്പെടാനുളള സാധ്യതയുളളതിനാല്‍ കാക്കകളോ മറ്റു പക്ഷികളോ ചത്തുവീഴുന്നതായി കണ്ടാല്‍ പരിഭ്രാന്തി പരത്താതിരിക്കുക. ചത്ത പക്ഷികളുടെ ജഡം കയ്യുറകളുപയോഗിച്ച് നീക്കം ചെയ്യുകയും കുഴിയെടുത്ത് കുമ്മായം, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവയേതെങ്കിലും വിതറി സംസ്‌കരിക്കുകയും ചെയ്യുക. പക്ഷികളുടെ അസ്വാഭാവികമായ കുട്ടമരണം ശ്രദ്ധയില്‍പ്പെട്ടാല്‍ മാത്രം  0495 2762050 എന്ന കണ്‍ട്രോള്‍ റൂം മ്പറില്‍ വിവരമറിയിക്കുക.

13. പരിസരം, പക്ഷിക്കൂട് എന്നിവയുടെ ശൂചീകരണത്തിനായി പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി, കുമ്മായം, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ ഉപയോഗിക്കാം.

14. അണുനശീകരണം നടത്തുമ്പോള്‍ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പുവരുത്തണം.

ചെയ്തു കൂടാത്തത്

1. ചത്തതോ രോഗംബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടനകിളികളെയോ, പക്ഷി കാഷ്ഠമോ ശരിയായ സുരക്ഷാ കവചമില്ലാതെ നേരിട്ട് കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക.

2. ബുള്‍സ്‌ഐ പോലുള്ള പകുതിവേവിച്ചമുട്ടകള്‍ കഴിക്കരുത് 

3.  പകുതിവേവിച്ച മാംസം ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണങ്ങള്‍ ഭക്ഷിക്കരുത്.

4. രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തുനിന്നും ഒരു കിലോമീറ്റര്‍  ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുത്.
 

5. അനാവശ്യമായി മൂക്കിലും കണ്ണിലും വായിലും സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.

6. സമൂഹമാദ്ധ്യമങ്ങളിലൂടെയോ നേരിട്ടോ അഭ്യൂഹങ്ങള്‍ പരത്താതിരിക്കുക. ഏത് സംശയത്തിനും 04952762050ല്‍ വിളിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി