കേരളം

ഓട്ടോയിലും ടാക്‌സിയിലും സഞ്ചരിച്ചു, ജ്യൂസ് പാര്‍ലറില്‍ കയറി ; ഡോക്ടറെ കണ്ടത് ജനറല്‍ ആശുപത്രിയില്‍ ക്യൂ നിന്ന് ; കൊവിഡ് ബാധിതരെ വീട്ടിലേക്ക് പറഞ്ഞുവിട്ടത് ആശുപത്രിക്കാര്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച രോഗികള്‍ നഗരത്തിലൂടെ സഞ്ചരിച്ചിരുന്നതായി കണ്ടെത്തി. രോഗം സ്ഥിരീകരിച്ച വെള്ളനാട് സ്വദേശി ടാക്‌സിയിലാണ് വീട്ടിലേക്ക് പോയത്. കൊറോണ പോസിറ്റീവായ കഠിനംകുളം സ്വദേശി ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയും, തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ക്യൂ നിന്ന് ഡോക്ടറെ കാണുകയും ചെയ്തു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇരുവരും സ്വമേധയാ ആശുപത്രിയെ സമീപിക്കുകയായിരുന്നു. 

അതേസമയം ഇവര്‍ ആശുപത്രിയില്‍ ക്വാറന്റൈനില്‍ കഴിയാന്‍ തയ്യാറാണെന്ന് അറിയിച്ചെങ്കിലും, ആരോഗ്യവകുപ്പ് അധികൃതര്‍ ചെവിക്കൊള്ളാതെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു എന്നും ആക്ഷേപമുണ്ട്. ഇറ്റലിയില്‍ തെറാപ്പിസ്റ്റായി ജോലി നോക്കുന്ന വെള്ളനാട് സ്വദേശി ബുധനാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങുന്നത്. 

ദോഹ വഴിയാണ് ഇദ്ദേഹം തിരുവനന്തപുരത്തെത്തുന്നത്. എയര്‍പോര്‍ട്ടില്‍ വെച്ചുതന്നെ തനിക്ക് ശാരിരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് ഇയാള്‍ സൂചിപ്പിച്ചിരുന്നു. തന്നെ ആശുപത്രിയിലാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അധികൃതര്‍ ഇത് ഗൗരവത്തിലെടുക്കാതെ, ഇയാളോട് വീട്ടിലേക്ക് പൊയ്‌ക്കൊള്ളാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

തുടര്‍ന്ന് വീട്ടിലെത്തിയ ഇദ്ദേഹം വെള്ളനാട്ടെ ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും, പഞ്ചായത്ത് മെമ്പറെ കാര്യം ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആരും ഒരു സഹായവും ചെയ്തില്ല. തുടര്‍ന്ന് ദിശ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലെത്തിച്ച് രക്തസംപിള്‍ ശേഖരിക്കുകയുമായിരുന്നു. 

ഇതിനുശേഷം ഇദ്ദേഹത്തോട് വീട്ടില്‍ കഴിയാന്‍ നിര്‍ദേശിക്കുകയായിരുന്നു. തിരുവനന്തപുരത്ത് ഇദ്ദേഹം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയും, മെഡിക്കല്‍ കോളജിന് സമീപത്തെ ജ്യൂസ് പാര്‍ലറില്‍ കയറുകയും ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആദ്യ രക്തസംപിള്‍ റിസള്‍ട്ട് പോസിറ്റീവ് ആയതോടെ ഇയാളെ മെഡിക്കല്‍ കോളജിലേക്ക് ആംബുലന്‍സില്‍ അധികൃതര്‍ എത്തിച്ചു. തുടര്‍ന്ന് രണ്ടാമത്തെ സാംപിള്‍ ആലപ്പുഴയിലേക്കും നാഷണല്‍ വൈറോളജി ലാബിലേക്കും അയച്ചു. ഇതിലും പോസ്റ്റീവ് ആയതോടെ ഐസൊലേഷനിലേക്ക് മാറ്റുകയുമായിരുന്നു. 

ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 10 ഓളം പേരെ തിരിച്ചറിഞ്ഞതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇദ്ദേഹത്തിനൊപ്പം വിമാനത്തില്‍ സഞ്ചരിച്ച 33 തിരുവനന്തപുരം സ്വദേശികള്‍, എട്ടു കൊല്ലം സ്വദേശികള്‍, ആറ് ആലപ്പുഴക്കാര്‍, 20 വിദേശ പൗരന്മാര്‍ എന്നിവരെ തിരിച്ചറിഞ്ഞു. എന്നാല്‍ ആറ് തമിഴ്‌നാട് സ്വദേശികളെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

സമാന അനുഭവമാണ് ആരോഗ്യവകുപ്പ് അധികൃതരില്‍ നിന്നും ഉണ്ടായതെന്ന് കൊവിഡ് ബാധിതനായ തിരുവനന്തപുരം കഠിനംകുളം സ്വദേശിയും പറയുന്നു. ബ്രിട്ടനില്‍ നിന്നും എത്തിയതായിരുന്നു ഇയാള്‍. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ക്യൂ നിന്നാണ് ഡോക്ടറെ കണ്ടത്. ആശുപത്രിയില്‍ കഴിയാന്‍ സന്നദ്ധനാണെന്ന് അറിയിച്ചെങ്കിലും രക്തസംപിള്‍ എടുത്തശേഷം വീട്ടിലേക്ക് പൊയ്‌ക്കൊള്ളാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

തുടര്‍ന്ന് ഇയാള്‍ തൊട്ടടുത്ത് പേട്ടയിലുള്ള സഹോദരിയുടെ ഫ്‌ലാറ്റിലേക്ക് പോകുകയായിരുന്നു. ഓട്ടോറിക്ഷയിലാണ് ഇയാള്‍ ഫ്‌ലാറ്റിലേക്ക് പോയത്. രക്തസാംപില്‍ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ഇദ്ദേഹത്തെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുന്നത്. ഇദ്ദേഹത്തിന്റെ സഹോദരി അടക്കമുള്ള ബന്ധുക്കള്‍, ഫ്‌ലാറ്റിലെ താമസക്കാര്‍, ഓട്ടോ ഡ്രൈവര്‍ തുടങ്ങിയവരെയെല്ലാം നിരീക്ഷണത്തിലാക്കിയതായി ഡിഎംഒ പി പി പ്രീത അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന