കൊച്ചി : കൊറോണ രോഗബാധിതനായ യൂറോപ്യന്‍ സ്വദേശി കൊച്ചിയില്‍ നിന്നും രാജ്യം വിടാന്‍ ശ്രമിച്ചു. നെടുമ്പാശ്ശേരിയില്‍ നിന്നും കൊറോണ ബാധിതന് അടക്കം 19 പേരാണ് ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇയാളെയും സംഘത്തെയും അടക്കം 270 യാത്രക്കാരെയും വിമാനത്തില്‍ നിന്നും തിരിച്ചിറക്കി. വിദേശ സംഘത്തെ കൊച്ചിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനയാത്രക്കാരെ പരിശോധനയ്ക്ക് വിധേയനാക്കും.
ബ്രിട്ടീഷ് സ്വദേശിയായ കൊവിഡ് ബാധിതനാണ് കൊച്ചിയില്‍ നിന്നും ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇവര്‍ മാര്‍ച്ച് രണ്ടിനാണ് സംസ്ഥാനത്തെത്തിയത്. ഏഴാം തീയതി ഇയാളും സംഘവും മൂന്നാറിലെത്തി. മൂന്നാര്‍ ടീ കൗണ്ടിയിലാണ് ഇയാളും സംഘവും മൂന്നാറില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയത്. ഇറ്റലി-ദോഹ-കൊളംബോ വഴിയാണ് ഇയാള്‍ സംസ്ഥാനത്തെത്തിയത്.
പത്താംതീയതി മുതല്‍ ഇയാള്‍ ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് മൂന്നാര്‍ പൊലീസ് പറഞ്ഞു. ആദ്യ ടെസ്റ്റ് കൊവിഡ് നെഗിറ്റീവ് ആയിരുന്നെങ്കിലും രണ്ടാം ടെസ്റ്റ് ഫലം വരെ പുറത്തുപോകരുതെന്നായിരുന്നു നിര്‍ദേശം നല്‍കിയത്. രണ്ടാം ടെസ്റ്റിലാണ് ബ്രിട്ടീഷ് പൗരന് കൊവിഡ് പോസ്റ്റീവ് ആണെന്ന് തെളിഞ്ഞത്. ഇതിനിടെ പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിരീക്ഷണത്തില്‍ നിന്നും പുറത്തുചാടി ഇയാള്‍ നെടുമ്പാശ്ശേരി വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. കൊറോണ ബാധിതനും സംഘവും രാജ്യം വിടാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ