കേരളം

ക്വാറന്റൈന്‍ ലംഘിച്ച് മകളുടെ കല്യാണം, വിവാഹ സത്കാരം, ഇരുനൂറ്  പേര്‍ പങ്കെടുത്തു; സംസ്ഥാനത്ത് മൂന്ന് കേസ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹസത്കാരങ്ങള്‍ നടത്തിയവര്‍ക്കെതിരെ കേസ്. സംസ്ഥാനത്ത് മലപ്പുറത്തും വയനാടുമാണ് കൊറോണ വൈറസ് വ്യാപനം തടയുന്നതിന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മറികടന്ന് വിവാഹ സത്കാരങ്ങള്‍ നടത്തിയത്. രണ്ടിടത്തും നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്.

വയനാട് അമ്പലവയലില്‍ ആണ്ടൂര്‍ സ്വദേശി സെയ്തലവിയാണ് വിവാഹ സത്കാരം സംഘടിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് നടത്തിയ ചടങ്ങില്‍ നൂറോളം പേരാണ് പങ്കെടുത്തത്. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം മറികടന്നായിരുന്നു വിവാഹ സത്കാരം. സംഭവത്തില്‍ സെയ്തലവിക്കെതിരെ പൊലീസ് കേസെടുത്തു. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഇന്നും വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചിരുന്നു.

മലപ്പുറം കൊളത്തൂരിലാണ് അടുത്ത കേസ്. ഇന്നുച്ചയ്ക്ക് ഇരുനൂറിലധികം പേരെ  പങ്കെടുപ്പിച്ച് വിവാഹ സത്കാരം നടത്തിയതിനാണ് പൊലീസ് നടപടി. അതിനിടെ, നാദാപുരത്ത് ക്വാറന്റൈന്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച ആള്‍ മകളുടെ കല്യാണം നടത്തി. ദുബായില്‍ നിന്ന് എത്തിയ കുഞ്ഞബ്ദുളളയുടെ മകളുടെ കല്യാണത്തിന് ഇരുനൂറോളം പേരാണ് പങ്കെടുത്തത്. ദുബായില്‍ നിന്ന് 13 നാണ് ഇദ്ദേഹം നാട്ടില്‍ എത്തിയത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിച്ചാണ് കല്യാണം നടത്തിയത്. ക്വാറന്റൈന്‍ ലംഘിച്ചതിന് കുഞ്ഞബ്ദുളളയ്ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്