കേരളം

പോത്തന്‍കോട് നിരീക്ഷണം ശക്തമാക്കി, ഇടപഴകിയ എല്ലാവരും ക്വാറന്റൈനില്‍ പോകണം: കടകംപളളി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോവിഡ് ബാധിച്ച് മരിച്ച പോത്തന്‍കോട് സ്വദേശിയുമായി അടുത്ത് ഇടപഴകിയ എല്ലാവരും ക്വാറന്റൈനില്‍ പോകണമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍. വിദേശത്ത് നിന്ന് എത്തിയ ചിലരുമായി അബ്ദുള്‍ അസീസ് സമ്പര്‍ക്കം പുലര്‍ത്തിയതായി സംശയിക്കുന്നു. ഇവരുടെ സ്രവം ശേഖരിച്ച് കോവിഡ് പരിശോധനയ്ക്ക് അയക്കും. അബ്ദുള്‍ അസീസിന്റെ നാടായ പോത്തന്‍കോട് നിരീക്ഷണം ശക്തമാക്കുമെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ചികില്‍സയിലായിരുന്ന പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസ് അര്‍ധരാത്രിയാണ് മരിച്ചത്.  68 വയസ്സായിരുന്നു. രണ്ടുദിവസം മുമ്പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.

ഇദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ രണ്ടുദിവസമായി വഷളായിരുന്നു. ശ്വാസകോശ സംബന്ധമായും വൃക്കസംബന്ധമായും അസുഖങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഈ മാസം 23 മുതലാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ക്ക് എങ്ങനെയാണ് വൈറസ് രോഗബാധ പിടിപെട്ടതെന്നത് സംബന്ധിച്ച് സ്ഥിരീകരിക്കാനായിട്ടില്ല. 

അബ്ദുള്‍ അസീസിന്റെ ആദ്യ പരിശോധനഫലം നെഗറ്റീവായിരുന്നു. എന്നാല്‍ ഈ മാസം 28 ന് നടത്തിയ രണ്ടാം സ്രവ പരിശോധനയിലാണ് ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. വീടിന് അടുത്തുള്ള വേങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജലദോഷവുമായാണ് ആദ്യം ചികില്‍സ തേടി എത്തിയത്. 

എന്നാല്‍ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് വെഞ്ഞാറമൂടിലുള്ള സ്വകാര്യ ആശുപത്രിയെ സമീപിച്ചു. അവിടെ വെച്ച് കൊറോണ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്. ഇയാളുടെ ആരോഗ്യനില വഷളാണെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചിരുന്നു. മരിച്ച അബ്ദുള്‍ അസീസ് വീടിന് അടുത്ത് മരണ ചടങ്ങിലും കല്യാണത്തിലും പങ്കെടുത്തിരുന്നതായും, സഹകരണബാങ്കില്‍ എത്തിയിരുന്നതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

ഇദ്ദേഹം ഒന്നര മണിക്കൂറോളം ബാങ്കില്‍ ചെലവഴിച്ചിരുന്നു. റിട്ടയേഡ് എഎസ്‌ഐയാണ് അബ്്ദുള്‍ അസീസ്. ഇയാളുടെ മകള്‍ കെഎസ്ആര്‍ടിസി ജീവനക്കാരിയാണെന്നും, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതുവരെ ജോലിക്ക് പോയിരുന്നതുമാണ്. വിദേശയാത്രയോ, വിദേശത്തു നിന്നുള്ളവരുമായി സമ്പര്‍ക്കമോ ഇദ്ദേഹത്തിന് ഉള്ളതായി അറിയില്ല. അസീസുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും ആരോഗ്യവകുപ്പിനെ ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം