കേരളം

തമിഴ്‌നാട്ടില്‍ നിന്ന് മുട്ടയുമായി എത്തിയ ലോറി ഡ്രൈവര്‍ക്ക് കോവിഡ്, 10 പേര്‍ നിരീക്ഷണത്തില്‍; കോട്ടയത്ത് ജാഗ്രത 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: തമിഴ്‌നാട്ടില്‍ നിന്ന് വന്ന ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന പത്ത് പേരെ കോട്ടയത്ത് നിരീക്ഷണത്തിലാക്കി. ഇയാള്‍ മുട്ടയെത്തിച്ച മൂന്ന് കടകള്‍ അടപ്പിച്ചു. ജില്ലയിലെ നിയന്ത്രിത മേഖലകളുടെ എണ്ണം കൂട്ടി.

തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്ന് ഇക്കഴിഞ്ഞ മൂന്നിന് മുട്ടയുമായി കോട്ടയത്തെത്തിയ ലോറി ഡ്രൈവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ നാലിന് തിരികെ പോയി. എന്നാല്‍, തമിഴ്‌നാട്ടിലെ വെണ്ടന്നൂര്‍ ചെക്‌പോസ്റ്റില്‍ വെച്ച് പരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് ശേഖരിച്ച സാമ്പിള്‍ പരിശോധിച്ചപ്പോള്‍ പരിശോധനാഫലം പോസിറ്റീവായി. ഇതേത്തുടര്‍ന്നാണ് ലോറി ഡ്രൈവറുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന പത്ത് പേരെ കോട്ടയത്ത് നിരീക്ഷണത്തിലാക്കിയത്. ഇയാള്‍ മുട്ടയെത്തിച്ച അയര്‍ക്കുന്നം, സംക്രാന്തി എന്നിവിടങ്ങളിലെയും കോട്ടയം നഗരത്തിലെയും ഓരോ കടകള്‍ വീതം അടപ്പിച്ചു. 

പക്ഷേ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിഭാഗത്തിന്റെ വിലയിരുത്തല്‍. അതേസമയം, നേരത്തെ കോവിഡ് സ്ഥിരീകരിച്ച മേഖലകള്‍ ഉള്‍പ്പെടുന്ന കൂടുതല്‍ തദ്ദേശ സ്ഥാപന വാര്‍ഡുകളെ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു. ഇതനുസരിച്ച് എട്ട് പഞ്ചായത്തുകളിലായി പത്ത് വാര്‍ഡുകള്‍ നിയന്ത്രിത മേഖലയായി. ചങ്ങനാശേരി നഗരസഭയുടെ 33-ാം വാര്‍ഡും കോട്ടയം നഗരസഭയുടെ രണ്ട്, എട്ട് വാര്‍ഡുകളും നിയന്ത്രിത മേഖലയായി. നേരത്തെ രോഗികളുടെ വീടുള്‍പ്പെടുന്ന പ്രദേശം മാത്രമായിരുന്നു നിയന്ത്രിത മേഖല. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയത്ത് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആറ് പേരാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍