കേരളം

വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍; അധ്യാപക പരിശീലനം വ്യാഴാഴ്ച മുതല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അധ്യാപക പരിശീലനം കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെയും ഓണ്‍ലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി പ്രൈമറി അധ്യാപകര്‍ക്കുള്ള പരിശീലനം 14 മുതല്‍ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 10.30നും ഉച്ചയ്ക്ക് 2.30 നുമാണ് പരിശീലനം തുടങ്ങുന്നത്.14ന് രാവിലെ 'ക്ലാസ്മുറിയിലെ അധ്യാപകന്‍' എന്ന വിഷയത്തെക്കുറിച്ച്  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ക്ലാസെടുക്കും. തുടര്‍ന്ന് പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരികളുടെയും കാലത്തെ സ്‌കൂള്‍ സുരക്ഷയെക്കുറിച്ച് മുരളി തുമ്മാരക്കുടി ക്ലാസെടുക്കും. ഉച്ചയ്ക്ക് ശുചിത്വം, ആരോഗ്യം, രോഗപ്രതിരോധം കൊറോണയുടെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ഡോ. ബി. ഇക്ബാല്‍, ഡോ. മുഹമ്മദ് അഷീല്‍, ഡോ. അമര്‍ ഫെറ്റില്‍, ഡോ. എലിസബത്ത് എന്നിവര്‍ ക്ലാസെടുക്കും.

15ന് രാവിലെ സാങ്കേതിക വിദ്യയിലെ പുതിയ പ്രവണതകളെക്കുറിച്ച് ഡോ. സജി ഗോപിനാഥും വിവരവിനിമയ സാങ്കേതികവിദ്യ വിദ്യാഭ്യാസത്തില്‍ എന്ന വിഷയത്തെക്കുറിച്ച് കെ. അന്‍വര്‍ സാദത്തും ക്ലാസെടുക്കും. ഉച്ചയ്ക്ക് ഇംഗ്ലീഷ് ഭാഷാപഠനത്തിലെ പുതിയ പ്രവണതകള്‍ ഡോ.പി.കെ. ജയരാജ് അവതരിപ്പിക്കും.

18ന് രാവിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഗണിത ക്ലാസ്മുറിയെക്കുറിച്ച് ഡോ. ഇ. കൃഷ്ണന്‍, എം. കുഞ്ഞബ്ദുള്ള, രവികുമാര്‍. ടി.എസ് എന്നിവര്‍ ക്ലാസെടുക്കും. ഉച്ചയ്ക്ക് ശാസ്ത്രബോധം ഉണര്‍ത്തുന്ന ശാസ്ത്രപഠനത്തെക്കുറിച്ച് ഡോ. സി.പി. അരവിന്ദാക്ഷന്‍, പ്രൊഫ. കെ. പാപ്പുട്ടി, ഡോ. പി.വി. പുരുഷോത്തമന്‍ എന്നിവര്‍ ക്ലാസെടുക്കും.

19ന് രാവിലെ ഭാഷാ പഠനത്തിലെ ആധുനിക പ്രവണതകള്‍ (അജി.ഡി.പി), ഉള്‍ച്ചേരല്‍ വിദ്യാഭ്യാസം (സാം.ജി.ജോണ്‍) എന്നീ സെഷനുകളും, ഉച്ചയ്ക്ക് അന്വേഷണാത്മക പഠനത്തിന്റെ അനുഭവ മാതൃകകളും (ഡോ. ടി.പി. കലാധരന്‍), കുട്ടികളുടെ വ്യക്തിഗത മാസ്റ്റര്‍ പ്ലാന്‍ സഹിതവും (ഡോ.എം.പി. നാരായണനുണ്ണി) ക്ലാസുകള്‍ നടക്കും.

ബുധനാഴ്ച (20) രാവിലെ സാമൂഹ്യശാസ്ത്ര പഠനവും സാമൂഹികാവബോധവും എന്ന സെഷന്‍ യൂസഫ് കുമാര്‍, ജി.പി. ഗോപകുമാര്‍, പുഷ്പാംഗദന്‍ എന്നിവര്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 'പഠനത്തില്‍ കുട്ടികളുടെ ആത്മവിശ്വാസം, അധ്യാപകന്റെയും' എന്ന വിഷയത്തില്‍ ഗോപിനാഥ് മുതുകാട് ക്ലാസെടുക്കും. തുടര്‍ന്ന് സംശയനിവാരണവും പുതിയ അധ്യയനവര്‍ഷത്തേക്കുള്ള തയ്യാറെടുപ്പുകളും എ. ഷാജഹാന്‍, ജീവന്‍ബാബു.കെ എന്നിവര്‍ അവതരിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം