കേരളം

നാല് വർഷം മുൻപ് അഭിനയിച്ചതുപോലെ ബൈക്ക് അപകടവും അന്ത്യയാത്രയും; നായകന്റെ മരണത്തിൽ ഞെട്ടി ഉറ്റവർ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം; നാല് വർഷം മുൻപ് സുഹൃത്തിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ ​ഗോഡ്ഫ്രെയ്ക്ക് അറിയില്ലായിരുന്നു ജീവിതത്തിലും തന്നെ കാത്തിരിക്കുന്നത് ഇതുതന്നെയാണെന്ന്. ബൈക്ക് അപകടവും പിന്നീടുണ്ടായ സംഭവങ്ങളുമെല്ലാം സിനിമയിലേതുപോലെ ആവർത്തിച്ചതിന്റെ ഞെട്ടലിലാണ് ​ഗോഡ്ഫ്രെയുടെ ഉറ്റവർ. കഴിഞ്ഞ ദിവസമാണ് നീരാവിൽ പൊട്ടൻമുക്കിനു സമീപം ബൈക്ക് നിയന്ത്രണം വിട്ടു മതിലിലിടിച്ചു 36 കാരനായ ​ഗോഡ്ഫ്രെ മരണമടഞ്ഞത്. സിനിമയുടെ ക്ലൈമാക്സ് അതേ പോലെ ജീവിതത്തിലും അറംപറ്റുകയായിരുന്നു. 

സുഹൃത്ത് ഷൈജുവുമായി ചേർന്നു നിർമിച്ച ‘ദ് ലവേഴ്സ്’ എന്ന സിനിമയിലെ നായകനായിരുന്നു ഗോഡ്ഫ്രെ. ചിത്രത്തിൽ ഗോഡ്ഫ്രെയുടെ കഥാപാത്രം ഓടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് മരിക്കുന്നത്. സിനിമയിലേതുപോലെ അതേ വേഷത്തിൽ  അതേ ആംബുലൻസ് ഡ്രൈവറാണ് ​ഗോഡ്ഫ്രെയുടെ വിലാപയാത്ര നടത്തിയത്. 

നായകന്റെ മൃതദേഹം പള്ളിയിലെത്തിക്കുന്ന ആംബുലൻസ് ഡ്രൈവറായി എത്തിയ ചവറ പന്മന പുത്തൻചന്ത അഥീന കോട്ടേജിൽ അബ്ദുൽ സലീം തന്നെ ഇന്നലെ ഗോഡ്ഫ്രെയുടെ മൃതദേഹം ആംബുലൻസിൽ ചവറ തലമുകൾ സെന്റ് അഗസ്റ്റിൻ പള്ളിയിലെത്തിച്ചു. സിനിമയിൽ മൃതദേഹത്തെ വസ്ത്രങ്ങൾ അണിയിച്ച സലിം ഇന്നലെ വീട്ടുകാരുടെ അഭ്യർഥനപ്രകാരം അതേ വസ്ത്രങ്ങൾ അണിയിച്ചതു കണ്ണീർക്കാഴ്ചയായി. 

പ്രാക്കുളത്തെ ബന്ധുവീട്ടിൽ പോയി മടങ്ങി വരവേയായിരുന്നു അപകടം. ഹെൽമറ്റ് തകർന്നു തലയ്ക്കു പരുക്കേറ്റു രക്തം വാർന്ന് ഏറെ നേരം റോഡിൽ കിടന്നെങ്കിലും ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല. പിന്നീടെത്തിയ കെഎസ്ഇബി ജീവനക്കാരൻ കൃത്രിമശ്വാസം നൽകി. തുടർന്ന് സ്ഥലത്തെത്തിയ യുവാക്കൾ ഓട്ടോറിക്ഷയിൽ സമീപത്തെ സ്വകാര്യാശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല. ചവറ ഭരണിക്കാവ് പിജെ ഹൗസിൽ റിട്ട. എസ്ഐ: ജോൺ റോഡ്രിഗ്സിന്റെയും ഫിലോയുടേയും മകനാണ് ഗോഡ്ഫ്രെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്