കേരളം

കെകെ ശൈലജ 'വുമണ്‍ ഓഫ് ദി ഇയര്‍'; മുഖചിത്രവുമായി വോഗ് മാഗസിന്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: പ്രശസ്ത മാഗസിന്‍ വോഗ് ഇന്ത്യയുടെ  'വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദി ഇയര്‍' മുഖചിത്രമായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. അതത് മേഖലയില്‍ കഴിവ് തെളിയിച്ച വനിതകളെയാണ് വോഗ് വുമണ്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കുന്നത്. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന ക്യാപ്ഷനോടെയാണ് കെ കെ ശൈലജയുടെ  കവര്‍ ഫോട്ടോ. വോഗിന്റെ നവംബര്‍ മാസത്തെ കവര്‍ ചിത്രത്തിലാണ് കെ കെ ശൈലജ ഇടം നേടിയത്.

കോവിഡ് എന്ന മഹാമാരിയെ സംസ്ഥാന ആരോഗ്യ മേഖലയുടെ മുന്നില്‍ നിന്ന് അതിജീവിക്കുന്നതുമായി ബന്ധപ്പെട്ട് ശൈലജ വോഗിന് അഭിമുഖവും നല്‍കിയിട്ടുണ്ട്.'ഭയപ്പെടാനുള്ള സമയം ഇല്ല. ഭയത്തേക്കാളധികം ഈ പ്രതിസന്ധിയില്‍ ഇടപെടുന്നത് എനിക്ക് ആവേശകരമായിരുന്നു,' കെ.കെ ശൈലജ വോഗിനോട് പറഞ്ഞു.

ഇതിനകം സിനിമാ താരങ്ങളായ ഫഫദ് ഫാസില്‍, നസ്രിയ നസീം, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ കെ.കെ. ശൈലജയുള്ള വോഗിന്റെ കവര്‍ പേജ് ഷെയര്‍ ചെയ്തിട്ടുണ്ട്.

(വോഗ് മാഗസിന്റെ കവര്‍ ചിത്രം)

ലോകത്തെ വനിതാ നേതാക്കള്‍ പ്രതിസന്ധി ഘട്ടങ്ങള്‍ നേരിടുന്നതില്‍ കാണിക്കുന്ന മികവ് മാഗസിന്‍ ചൂണ്ടിക്കാണിക്കുന്നു. ന്യൂസിലന്‍ഡിലെ ജസിന്ത ആന്‍ഡേണ്‍,ജര്‍മ്മനിലെ ആങ്കല മെല്‍ക്കല്‍, തായ്‌വാനിലെ സായ് ഇങ് വെന്‍ തുടങ്ങിയവരുടെ പേരുകള്‍ക്കൊപ്പമാണ് കെ കെ ശൈലജയുടെ പേരും പറയുന്നത്.

വോഗിന്റെ 'വോഗ് വാരിയേഴ്‌സ്' പട്ടികയിലും നേരത്തെ കെ കെ ശൈലജ ഇടം കണ്ടെത്തിയിരുന്നു. അധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങിയ ശൈലജ ആരോഗ്യമന്ത്രി എന്ന നിലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് മാതൃകയാണ്.

കോവിഡ് പ്രതിരോധത്തിലെ കേരള മോഡല്‍ പ്രശംസിച്ചു കൊണ്ടാണ് കെ കെ ശൈലജയെ മാഗസിനില്‍ അവതരിപ്പിക്കുന്നത്. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം എന്നിവയില്‍ കേരളം മുന്‍പ് തന്നെ മുന്‍പന്തിയിലാണെന്നും ലേഖനത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി