കേരളം

ഭാര്യ നിലവിളിച്ച് കൈകാട്ടിയിട്ടും വാഹനങ്ങൾ നിർത്തിയില്ല, റോഡിൽ ചോരയൊലിച്ച് കിടന്ന എസ്ഐക്ക് കമ്മിഷണർ രക്ഷകനായി

സമകാലിക മലയാളം ഡെസ്ക്

തൃശൂർ; അപകടം പറ്റിയതിനെ തുടർന്ന് ചോരയൊലിച്ച് നിലത്തുകിടക്കുന്ന ഒരാൾ. സമീപത്തായി നിലവിളിച്ചുകൊണ്ട് വാഹനങ്ങൾക്ക് കൈകാട്ടുന്ന ഭാര്യ. ആരും സഹായിക്കാൻ തയാറായില്ല. അവസാനം അതുവഴി പോയ സിറ്റി പൊലീസ് കമ്മിഷണർ അപകടം കണ്ടു. ഉടനെ പരുക്കേറ്റയാളെ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ചു. രണ്ടു കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് നടന്നുപോയി. വീടെത്തിയതിന് ശേഷമാണ് രക്ഷിച്ചത് തന്റെ സഹപ്രവർത്തകനെ തന്നെയാണെന്ന് കമ്മിഷണർ അറിയുന്നത്. റൂറൽ സ്പെഷൽ ബ്രാഞ്ചിലെ എസ് ഐ പുല്ലഴി ശ്രീനിലയം കമ്മത്ത് ജി. അനിൽ കുമാറിനാണ് സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ രക്ഷകനായത്. 

കഴിഞ്ഞ ദിവസം വൈകിട്ട് 7.30 ന് പടിഞ്ഞാറേക്കോട്ട ചുങ്കത്താണ് സംഭവമുണ്ടായത്. ഓഫിസിൽ നിന്ന് അയ്യന്തോളിലെ വസതിയിലേക്കു പോവുകയായിരുന്ന കമ്മിഷണർ വഴിയിൽ ആൾക്കൂട്ടം കണ്ടാണ് വണ്ടി നിർത്തിയത്. പരുക്കേറ്റയാളുടെ  ഭാര്യ നിലവ‍ിളിച്ച് പല വാഹനങ്ങൾക്കും കൈകാട്ടിയെങ്കിലും ആരും നിർത്തിയില്ല. അപകടം കണ്ട ഉടനെ കമ്മിഷണർ ഗൺമാന്റെയും ഡ്രൈവറുടെയും സഹായത്തോടെ പരുക്കേറ്റയാളെ ഔദ്യോഗിക വാഹനത്തിൽ കയറ്റി. 

അനിലിനെയും ഭാര്യയെയും  കയറ്റിയപ്പോൾ ഗൺമാനും ഡ്രൈവർക്കുമൊപ്പം കമ്മിഷണർ‌ക്ക് ഇരിക്കാൻ ഇടമില്ലാതായി. ഒരുനിമിഷം പോലും  പാഴാക്കാതെ ഉടൻ ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ച് കമ്മിഷണർ വീട്ടിലേക്കു നടന്നു. വീട്ടിലെത്തിയപ്പോഴാണ് പരുക്കേറ്റയാൾ എസ്ഐ ആണെന്ന വിവരം അറിഞ്ഞത്. രക്തം വാർന്നു ഗുരുതരാവസ്ഥയിലായ അനിൽ അപകടനില തരണം ചെയ്തു.

അനിൽ സഞ്ചരിച്ച ബൈക്കിൽ കാറിടിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും കൈക്കും ഗുരുതര പരുക്കേറ്റ അനിൽ ബോധരഹിതനായി. ആരും തുണയ്ക്കെത്തിയില്ല. ഒപ്പമുണ്ടായിരുന്ന ഭാര്യ പല വാഹനങ്ങൾക്കു കൈകാട്ടിയെങ്കിലും ആരും നിർത്തിയില്ലെന്നു അവിടെയുണ്ടായിരുന്നവർ‌ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍