കേരളം

ആരോപണങ്ങൾ ഭയന്ന് വികസനപദ്ധതികള്‍ ഉപേക്ഷിക്കില്ല ; നേട്ടങ്ങള്‍ ഉണ്ടാകുന്നത് ഇഷ്ടപ്പെടാത്ത ചിലരുണ്ടെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ജനങ്ങള്‍ക്ക് അനുഭവഭേദ്യമാകുന്ന വികസനപദ്ധതികള്‍ ആരുടെയെങ്കിലും ആരോപണങ്ങളില്‍ ഭയന്ന് സര്‍ക്കാര്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള 29 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. ലൈഫിനെതിരെ വന്‍തോതിലുള്ള നുണപ്രചാരണവുമായി ചിലര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇത്തരം നേട്ടങ്ങള്‍ ഉണ്ടാകുന്നത് ഇഷ്ടപ്പെടാത്ത ചിലരുണ്ട്. 

അവര്‍ ഇതിനെയെല്ലാം അപഹസിക്കാനും എങ്ങനെയൊക്കെ ഇടിച്ചുതാഴ്ത്താന്‍ കഴിയുമെന്ന പരിശോധനയിലുമാണ്. അതിനു വേണ്ടി യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെക്കുന്നുമുണ്ട്. ആരുടെയെങ്കിലും ആരോപണങ്ങളില്‍ ഭയന്ന് വികസനപദ്ധതികള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ലെന്ന് ഇത്തരക്കാരെ അറിയിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സ്വന്തമായി വീട് ഇല്ലാത്തവര്‍ ആരുമുണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ലൈഫ് പദ്ധതി പ്രഖ്യാപിച്ചത്. നല്ല സഹകരണമാണ് ഈ പദ്ധതിക്ക് ജനങ്ങള്‍ നല്‍കിയത്.  തദ്ദേശ സ്ഥാപനങ്ങള്‍ മികവാര്‍ന്ന പ്രവര്‍ത്തനം ഇതിന്റെ ഭാഗമായി കാഴ്ചവെച്ചു. ഇതിന്റെ ഫലമായി 2,26,518 കുടുംബങ്ങള്‍ സ്വന്തം വീട്ടിലേക്ക് ഇതിനകം താമസം മാറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഇപ്പോള്‍ ഒന്നരലക്ഷം പേര്‍ക്കുള്ള ഭവനനിര്‍മ്മാണം പുരോഗമിക്കുന്നു. ഒന്നാംഘട്ടത്തില്‍ 676 കോടി ചെലവിട്ട് 52307 വീടുകളാണ് പൂര്‍ത്തിയാക്കിയത്. രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ വീട് നിര്‍മ്മാണ് ഏറ്റെടുത്തത്. 81840 ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ലൈഫിന്റെ അപേക്ഷകള്‍ ക്ഷണിച്ചതും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതും സുതാര്യമായിട്ടാണ്. 

മൂന്നുഘട്ടങ്ങളിലും അപേക്ഷകരല്ലാത്ത ചിലര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഈ മൂന്നു ഘട്ടങ്ങളിലും ഉള്‍പ്പെടാതെ പോയവരെ എങ്ങനെ സംരക്ഷിക്കും എന്ന ആലോചനയുടെ ഭാഗമായാണ് സര്‍ക്കാര്‍ വീണ്ടും അവസരം നല്‍കാന്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായി ഗുണഭോക്തൃ പട്ടികയില്‍ ഇടംപിടിക്കാതെ പോയവര്‍ക്ക് വീണ്ടും അപേക്ഷ നല്‍കാന്‍ അവസരം നല്‍കി. 8 ലക്ഷത്തിലധികം പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പൂര്‍ണമായും സുതാര്യമായ രീതിയില്‍ ഗുണഭോക്തൃ പട്ടിക തയ്യാറാക്കി അര്‍ഹരായ എല്ലാവര്‍ക്കും വീടുവെച്ചുനല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍