കേരളം

'ആ വാക്ക് എങ്ങനെ തൊഴിലിനെയും സ്ഥാനാര്‍ത്ഥിയെയും ആക്ഷേപിക്കുന്നതാകും?, കള്ളപ്രചാരവേലയ്ക്ക് ജനങ്ങള്‍ ചുട്ടമറുപടി നല്‍കും': വിശദീകരണവുമായി എ എം ആരിഫ് 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ വിശദീകരണവുമായി ആലപ്പുഴ എംപി എ എം ആരിഫ്. ഇത് പാല്‍ സൊസൈറ്റിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് അല്ല എന്ന വാചകം സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി വിവാദമാക്കുവാന്‍ ശ്രമിക്കുന്നു എന്ന് എ എം ആരിഫ് ഫെയ്്‌സ്ബുക്കില്‍ കുറിച്ചു.

'തൊഴിലിനെയും തൊഴിലാളിയെയും ആക്ഷേപിച്ചു എന്നത് കള്ളപ്രചാരണമാണ്. സ്ഥാനാര്‍ത്ഥിയുടെ പ്രാരാബ്ധം യുഡിഎഫ് പ്രചാരണ ആയുധമാക്കിയതാണ് പരാമര്‍ശിച്ചത്.പാല്‍ സൊസൈറ്റി ഒരു മോശപ്പെട്ട സ്ഥാപനമായി എനിക്ക് തോന്നിയിട്ടില്ല. ക്ഷീരകര്‍ഷകനായാലും കര്‍ഷകനായാലും നിയമസഭയിലേയ്ക്കും പാല്‍ സൊസൈറ്റിയിലേയ്ക്കും എല്ലാം മത്സരിക്കാം. പക്ഷെ അത് മാത്രമാണ് മാനദണ്ഡം എന്നാവരുതെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. പാല്‍ സൊസൈറ്റിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് എന്നു പറഞ്ഞാല്‍ അത് എങ്ങനെ തൊഴിലിനെയും സ്ഥാനാര്‍ത്ഥിയെയും ആക്ഷേപിക്കുന്നതാകുമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല'- ആരിഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ഇങ്ങനെ വാക്കുകളെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി ദുര്‍വ്യാഖ്യാനം ചെയ്ത് നടത്തുന്ന കള്ളപ്രചാരവേലയ്ക്ക് കായംകുളത്തെ പ്രബുദ്ധരായ ജനങ്ങള്‍ ചുട്ടമറുപടി നല്‍കും എന്നകാര്യത്തില്‍ എനിക്ക് സംശയമില്ല. ഇത്തരത്തില്‍ കള്ളപ്രചാരണത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും'- ആരിഫ് കുറിച്ചു.

കുറിപ്പ്:

തൊഴിലിനെയും, തൊഴിലാളിയെയും ആക്ഷേപിച്ചു എന്ന കള്ളപ്രചരണം ഒന്നിരുട്ടി വെളുക്കുമ്പോള്‍ തീരുന്നതാണ് എന്നറിയാം. നാളെ തിരഞ്ഞെടുപ്പില്‍ എന്ത് പറഞ്ഞും, വോട്ട് പിടിക്കണം എന്നത് മാത്രമാണ് ലക്ഷ്യമെന്നറിയാം. അതിനുള്ള മറുപടി എന്നെ സ്‌നേഹിക്കുന്നവര്‍ ബാലറ്റിലൂടെ നിങ്ങള്‍ക്ക് തരും.
ഇതോടൊപ്പം നല്‍കുന്ന വീഡിയോ കാണുന്നവര്‍ സത്യം മനസ്സിലാക്കട്ടെ.
'പ്രാരാബ്ധം മാത്രമാണ് മാനദണ്ഡമെങ്കില്‍ ഹരിപ്പാട് മണ്ഡലത്തിലെ LDF സ്ഥാനാര്‍ത്ഥിയ്ക്ക് UDFകാര്‍ വോട്ട് ചെയ്യുമോ എന്നതാണ് മുഖ്യചോദ്യം '
ഇതായാരുന്നു പറഞ്ഞത്.
കായംകുളം നിയമസഭാ മണ്ഡലത്തിലെ LDF സംഘടിപ്പിച്ച വനിതാസംഗമ പരിപാടിയില്‍ ഞാന്‍ നടത്തിയ പ്രസംഗം ചില മാധ്യമങ്ങള്‍ UDF സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് പിടിക്കാന്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടുള്ള പ്രതികരണമാണിത്. കായംകുളത്തെ UDF സ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസ്സും ചില മാധ്യമങ്ങളും അവരുടെ പ്രാരാബ്ധങ്ങള്‍ പറഞ്ഞ് വോട്ടാക്കിമാറ്റാനുള്ള കഠിന പരിശ്രമത്തിലാണ്. പാല്‍ വിറ്റ് ഉപജീവനം നടത്തുന്നതിന്റെ വാര്‍ത്തകളും ചിത്രങ്ങളുമാണ് മുഖ്യ പ്രചരണായുധമാക്കിക്കൊണ്ടിരുന്നത്. പ്രാരാബ്ധമാണ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡവും യോഗ്യതയും എങ്കില്‍ ഹരിപ്പാട് മണ്ഡലത്തിലെ LDF സ്ഥാനാര്‍ത്ഥി സ.സജിലാല്‍ ലോട്ടറിവിറ്റ് കിട്ടിയ പണം കൊണ്ട് പഠിച്ചാണ് ബിരുദം എടുത്ത് സംഘടനാരംഗത്ത് ഉയര്‍ന്നുവന്നതും ചേര്‍ത്തലയിലെ LDF സ്ഥാനാര്‍ത്ഥി സ. പി. പ്രസാദ് കര്‍ഷകതൊഴിലാളി കുടുംബത്തില്‍ നിന്നും പ്രാരാബ്ധങ്ങളുടെ നടുവില്‍നിന്ന് വളര്‍ന്നുവന്ന് നേതാവായതും സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതും. കോണ്‍ഗ്രസ്സും UDFഉം ഇതുപോലെ പ്രാരാബ്ധം അനുഭവിച്ച് വളര്‍ന്ന LDF സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് പിടിക്കുമോ എന്ന് ചോദിച്ചതിനൊപ്പമാണ് ''ഇത് പാല്‍സൊസൈറ്റിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പല്ല'' എന്ന് ഞാന്‍ പറഞ്ഞത്. ഇതിലൂടെ ഏതെങ്കിലും തൊഴിലിനെയോ സ്ഥാനാര്‍ത്ഥിയെയോ ആക്ഷേപിക്കുവാന്‍ ഞാന്‍ ഉദ്ദേശിച്ചു എന്ന് വ്യാഖ്യാനിക്കുന്നത് തിരഞ്ഞെടുപ്പ് വിജയത്തിനായി UDFഉം അവര്‍ക്കായി അത്യധ്വാനം ചെയ്യുന്ന ചില മാധ്യമങ്ങളും നടത്തുന്ന അപവാദ പ്രചരണത്തിന്റെ ഭാഗമാണ്. ദയവുചെയ്ത് ഈ മാധ്യമങ്ങള്‍ ഞാന്‍ നടത്തിയ പ്രസംഗം മുഴുവനും സംപ്രേക്ഷണം ചെയ്യുന്നതുനുള്ള മാന്യത കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മറുപടി പറയാന്‍ സമയമില്ലാത്തെ സമയത്ത് ഇത്തരത്തില്‍ വാക്കുകള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി വിവാദമാക്കുവാന്‍ ശ്രമിക്കുന്ന നിക്ഷിപ്തതാത്പര്യക്കാര്‍ക്കൊപ്പം മാധ്യമങ്ങള്‍ ഇങ്ങനെ തരംതാഴരുതെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.  
യു. പ്രതിഭ കായംകുളത്ത് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതിനു പകരം UDF സ്ഥാനാര്‍ത്ഥിയുടെ ജീവിതപ്രയാസങ്ങള്‍ വോട്ടാക്കാന്‍ പറ്റുമോ എന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നവര്‍ തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായ ഞാന്‍ തൊഴിലിനെ ആക്ഷേപിച്ചു എന്ന് വ്യാഖ്യാനിക്കുനത് അല്പത്തരമാണ്. പാല്‍ സൊസൈറ്റി ഒരു മോശപ്പെട്ട സ്ഥാപനമായി എനിക്ക് തോന്നിയിട്ടില്ല. ക്ഷീരകര്‍ഷകനായാലും കര്‍ഷകനായാലും നിയമസഭയിലേയ്ക്കും പാല്‍ സൊസൈറ്റിയിലേയ്ക്കും എല്ലാം മത്സരിക്കാം. പക്ഷെ അത് മാത്രമാണ് മാനദണ്ഡം എന്നാവരുതെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. പാല്‍ സൊസൈറ്റിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് എന്നു പറഞ്ഞാല്‍ അത് എങ്ങനെ തൊഴിലിനെയും സ്ഥാനാര്‍ത്ഥിയെയും ആക്ഷേപിക്കുന്നതാകുമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. രമേശ് ചെന്നിത്തലയ്‌ക്കെതിരായ സ്ഥാനാര്‍ത്ഥിയുടെ പ്രാരാബ്ധം ചര്‍ച്ചയാക്കാതെ കായംകുളത്തെ സ്ഥാനാര്‍ത്ഥിയുടെ പ്രാരാബ്ധം വോട്ടാക്കാനുള്ള അവസാന അടവാണിത്. ഇങ്ങനെ വാക്കുകളെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി ദുര്‍വ്യാഖ്യാനം ചെയ്ത് നടത്തുന്ന കള്ളപ്രചാരവേലയ്ക്ക് കായംകുളത്തെ പ്രബുദ്ധരായ ജനങ്ങള്‍ ചുട്ടമറുപടി നല്‍കും എന്നകാര്യത്തില്‍ എനിക്ക് സംശയമില്ല. ഇത്തരത്തില്‍ കള്ളപ്രചരണത്തിന് നേതൃത്വം നല്‍കുന്ന ചില പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കെതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുനതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതാണ് എന്നുകൂടി അറിയിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്