കേരളം

'കോവിന്‍ ആപ്പില്‍ അട്ടിമറി', സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; ആരോപണവുമായി വി മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ കോവിന്‍ ആപ്പില്‍ അട്ടിമറി ആരോപിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ കോവിന്‍ ആപ്പ് ആസൂത്രിതമായി ആരെങ്കിലും പ്രവര്‍ത്തനരഹിതമാക്കി വച്ചിരിക്കുകയാണോ എന്ന് മുരളീധരന്‍ ചോദിച്ചു. രാജ്യത്ത് ആര്‍ടി-പിസിആര്‍ ടെസ്റ്റിന് ഏറ്റവുമധികം നിരക്ക് ചുമത്തുന്ന സംസ്ഥാനം കേരളമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമങ്ങളെ കാണുകയായിരുന്നു മുരളീധരന്‍.

സംസ്ഥാനത്ത് നടക്കുന്ന മെഗാ വാക്‌സിന്‍ ദൗത്യങ്ങളില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. പലയിടത്തും നിന്നും വാക്‌സിന്‍ ലഭിക്കുന്നില്ല എന്ന പരാതിയാണ് ഉയരുന്നത്. പലയിടത്തും ജനം വാക്‌സിന് വേണ്ടി തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കും. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തില്‍ ഉള്ളത്. ഇത് പ്രയോജനപ്പെടുത്തി വാക്‌സിന്‍ വിതരണം കാര്യക്ഷമമായി നടത്താമെന്നിരിക്കെയാണ് വാക്‌സിന്‍ ക്ഷാമം നേരിടുന്നത്. കോവിന്‍ ആപ്പ് പ്രവര്‍ത്തിക്കാത്തിന് പിന്നില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി മുരളീധരന്‍ ആരോപിച്ചു.

കേന്ദ്രം 70 ലക്ഷം ഡോസ് വാക്‌സിനാണ് നല്‍കിയത്. വാക്‌സിന്‍ വിതരണം കാര്യക്ഷമമായി നടക്കുന്നതിന് വേണ്ടിയാണ് സ്വകാര്യ ആശുപത്രികളുടെ കൂടി പങ്കാളിത്തം തേടാവുന്നതാണ് എന്ന് കേന്ദ്രം പറഞ്ഞത്. മറ്റു സംസ്ഥാനങ്ങളില്‍ പൊതുജനാരോഗ്യ സംവിധാനം കേരളത്തിന്റെ അത്ര മെച്ചപ്പെട്ടതല്ല. അതുകൊണ്ടാണ് സ്വകാര്യമേഖലയുടെ കൂടി സഹകരണം കേന്ദ്രം ഉറപ്പാക്കിയത്. എന്നാല്‍ കേരളത്തില്‍ പൊതുജനാരോഗ്യസംവിധാനം വഴി ജനങ്ങള്‍ക്ക് വാക്‌സിന്‍ എത്തിക്കാന്‍ കഴിയും. എന്നാല്‍ വാക്‌സിന്‍ ലഭിക്കുന്നില്ല എന്നാണ് പരാതി. ഇത് ഡോസിന് 250 രൂപയ്ക്ക് വില്‍ക്കുന്ന സ്വകാര്യആശുപത്രിയെ സഹായിക്കാന്‍ ആണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പൊതുജനാരോഗ്യ സംവിധാനത്തെ കുറിച്ച് മേനി നടിക്കുന്ന സര്‍ക്കാര്‍ വാക്‌സിന്‍ ലഭ്യമാക്കത്തിന്റെ പിന്നിലെ കാരണം അറിയാന്‍ ജനത്തിന് താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ടി- പിസിആര്‍ ടെസ്റ്റിന് സംസ്ഥാനത്ത് 1700 രൂപയാണ് ഈടാക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം നിരക്ക് ഈടാക്കുന്നത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു