കേരളം

രാഖി, അശ്വതി, അമൃത... പല പേരുകൾ; സാമൂഹിക മാധ്യമങ്ങൾ വഴി യുവാക്കളെ പരിചയപ്പെട്ട് തട്ടിപ്പ്; ജാമ്യത്തിലിറങ്ങി വീണ്ടും അഞ്ച് ലക്ഷം തട്ടി!

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് യുവാക്കളെ കെണിയിൽപ്പെടുത്തി സ്വർണവും പണവും തട്ടിയ കേസിൽ പ്രതിയായ യുവതി ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും തട്ടിപ്പു നടത്തിയതായി പരാതി. സ്വർണവും പണവും തട്ടിയ കേസിൽ ഭർത്താവിനൊപ്പമാണ് യുവതി പ്രതിയായത്. ചെങ്ങന്നൂർ മുളക്കുഴ കാരയ്ക്കാട് തടത്തിൽ മേലതിൽ രാഖി (31) ക്കെതിരെയാണു പ്രയാർ വടക്ക് സ്വദേശി പൊലീസിൽ പരാതി നൽകിയത്. 

പരാതിക്കാരന്റെ മകനായ പ്രവാസിയിൽ നിന്നു അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നും കൂടുതൽ തുക ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നു. വിവാഹ പരസ്യം നൽകിയാണു യുവാക്കളെ വലയിൽ വീഴ്ത്തുന്നതെന്നും തട്ടിപ്പിനിരയായവരിൽ മിക്കവരും പുനർവിവാഹിതരായ പ്രവാസികളും സർക്കാർ ഉദ്യോഗസ്ഥരുമാണെന്നും പൊലീസ് പറയുന്നു. 

രാഖി, അശ്വതി, അമൃത എന്നീ പേരിലാണു തട്ടിപ്പ്. തുറവൂർ സ്വദേശിയെ ചെങ്ങന്നൂരിലെ ലോഡ്ജിൽ വിളിച്ചു വരുത്തി കബളിപ്പിച്ച കേസിൽ രാഖിയെയും ഭർത്താവ് പന്തളം കൂരമ്പാല മാവിള തെക്കതിൽ രതീഷ് എസ് നായരെയും (36) കഴിഞ്ഞ മാർച്ച് 21നു പളനിയിലെ ലോഡ്ജിൽ നിന്നാണു ചെങ്ങന്നൂർ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്.

മാർച്ച് 12ന്   ഓച്ചിറയിലെ ലോഡ്ജിൽ മാവേലിക്കര സ്വദേശിയായ യുവാവിൽ നിന്നു മൂന്ന് പവൻ സ്വർണാഭരണവും ഐ ഫോണും ഫെബ്രുവരിയിൽ പാലാരിവട്ടത്തു നിന്ന് അഞ്ച് പവൻ സ്വർണമാലയും ഐ ഫോണും ദമ്പതികൾ തട്ടിയെടുത്തിരുന്നു.  മൂന്ന് കേസിലും പ്രതികളായ ദമ്പതികൾ മെയിൽ ജാമ്യത്തിലിറങ്ങിയ ശേഷം കായംകുളം പുതുപ്പള്ളിയിൽ വാടകയ്ക്കു താമസിച്ചാണു പുതിയ തട്ടിപ്പ് ആരംഭിച്ചത്. 

കരസേനയിലെ ഉദ്യോഗസ്ഥയാണെന്നും ഭർത്താവ് മരിച്ചു പോയെന്നും പറഞ്ഞു പുനർ വിവാഹത്തിനു പരസ്യം നൽകിയാണു പ്രവാസിയെ പരിചയപ്പെടുന്നത്. പിന്നീടു വിവാഹം വീട്ടുകാർ എതിർക്കുന്നതായി പറ‍ഞ്ഞു ഗൾഫിലായിരുന്ന ഇയാളെ നാട്ടിൽ വരുത്തിയ ശേഷം  പല തവണകളായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു. 

മുൻ ഭർത്താവിന്റെ അപകട മരണത്തിന്റെ ഒരു കോടിയോളം രൂപ നഷ്ടപരിഹാരത്തുക ലഭിക്കാനുണ്ടെന്നും തുക ലഭിക്കുന്നതുവരെ വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. യുവതിയുടെ തട്ടിപ്പിന്റെ വിവരങ്ങൾ  സാമൂഹിക മാധ്യമത്തിലൂടെ അറിഞ്ഞതിനെത്തുടർന്നാണു കുടുംബം പൊലീസിൽ പരാതി നൽകിയത്. ഓച്ചിറ, കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു