കേരളം

മലബാര്‍ കലാപം സ്വാതന്ത്ര്യ സമരം; സംഘപരിവാര്‍ നീക്കം സമൂഹത്തെ ഭിന്നിപ്പിക്കാന്‍:എഐവൈഎഫ്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെയാണെന്നും ചരിത്രം തിരുത്തി രക്തസാക്ഷികളെ ചരിത്ര പുസ്തകത്തില്‍ നിന്നും ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്നും എഐവൈഎഫ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി കേരളത്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ പ്രധാനപ്പെട്ടതാണ് മലബാര്‍ കലാപം. ബ്രിട്ടീഷുകാര്‍ സമരത്തെ അടിച്ചമര്‍ത്താന്‍ പല വഴികളും സ്വീകരിച്ചിരുന്നു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസലിയാരും ബ്രിട്ടീഷ് ഭരണകൂടം വധശിക്ഷക്ക് വിധിച്ചവരാണ്. അവര്‍ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികള്‍ തന്നെയാണ്. ഇവരുള്‍പ്പടെ 387 പേരെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള ഐ സി എച്ച് ആര്‍ നീക്കം സംഘപരിവാറിന്റെ രാഷ്ട്രീയതാല്‍പര്യം മുന്‍നിറുത്തിയാണ്. ഇത് ചരിത്ര നിഷേധവും സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കലുമാണ്.-എഐവൈഎഫ് പ്രസ്താവനയില്‍ പറഞ്ഞു. 

ബ്രിട്ടീഷുകാര്‍ക്കെതിരായ സമരം ചില ഘട്ടങ്ങളില്‍ വഴി മാറിയിട്ടുണ്ടാകാം. എന്നാല്‍ ആത്യന്തികമായി പ്രക്ഷോഭകാരികളുടെ ലക്ഷ്യം ബ്രിട്ടീഷ് മേല്‍ക്കോയ്മ അവസാനിപ്പിക്കുകയും രാജ്യത്തിന്റെ സ്വാതന്ത്ര്യവും ആയിരുന്നു. ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ തമസ്‌ക്കരിച്ച് ചരിത്രത്തെ സംഘപരിവാറിന് അനുകൂലമായി വളച്ചൊടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത ആര്‍എസ് എസിന്റെ ചരിത്രത്തെ വെള്ളപൂശാനുള്ളശ്രമം നാട് തിരിച്ചറിയും. സ്വാതന്ത്ര്യ സമര ചരിത്രം വളച്ചൊടിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്‍.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു

രാജ്യത്ത് മൂന്നാം സ്ഥാനം; ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സര്‍വകലാശാലയ്ക്ക് നേട്ടം

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്! ഐസിഎംആര്‍ മുന്നറിയിപ്പ്

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍